Saturday, April 19, 2025
KERALA NEWSNews SPECIAL

പ്രഭാത വാർത്തകൾ

2025 ഏപ്രിൽ 19 ശനി
1200 മേടം 06 മൂലം
1446 ശവ്വാൽ 20

◾ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ ബിജെപിക്ക് പരോക്ഷ വിമര്‍ശനവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മതവും രാഷ്ട്രീയവും സഖ്യം ചേരുമ്പോള്‍ നിഷ്‌കളങ്കര്‍ ആക്രമിക്കപ്പെടുന്നുവെന്ന് ജബല്‍പ്പൂരും മണിപ്പൂരും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. സ്വന്തം മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയാണെന്നും കണ്ണൂരില്‍ ദുഃഖവെളളി ദിന സന്ദേശത്തില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
◾ സങ്കീര്‍ണമായ അല്‍ഗോരിതങ്ങള്‍ നയിക്കുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ ആരെയും തിരസ്‌കരിക്കാത്ത ദൈവിക സമ്പദ്വ്യവസ്ഥയെ ഉള്‍ക്കൊള്ളാന്‍ തയാറാകണമെന്നാണ് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ. മനുഷ്യരക്ഷയ്ക്കായി കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയില്‍ കുരിശിന്റെ വഴിയിലും പ്രാര്‍ത്ഥനകളിലും വിശ്വാസി സമൂഹം അണിനിരന്ന ദുഃഖ വെള്ളി ദിനത്തില്‍ അവതരിപ്പിച്ച പ്രത്യേക ധ്യാന ശ്ലോകത്തിലാണ് വിതയ്ക്കുകയും വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ സമ്പദ് വ്യവസ്ഥയെപ്പറ്റി മാര്‍പാപ്പ പറഞ്ഞത്.
◾ കോളേജ് അധ്യാപകര്‍ തന്നെ ചോദ്യ പേപ്പര്‍ വാട്സാപ്പ് വഴി ചോര്‍ത്തിയെന്ന് കണ്ണൂര്‍ സര്‍വകലാശാലയുടെ കണ്ടത്തല്‍. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് കോളേജില്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂര്‍ സര്‍വകലാശാല അധികൃതര്‍ ഗ്രീന്‍വുഡ് കോളേജിനെതിരെ പൊലീസില്‍ പരാതി നല്‍കി. സിന്‍ഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാന്‍സലര്‍ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂര്‍ സര്‍വകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.
◾ ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇന്ന് പോലിസ് ചോദ്യം ചെയ്തേക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് ഷൈനിന്റെ പിതാവ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉള്ള നോട്ടീസ് പൊലീസ് തൃശൂരിലെ ഷൈനിന്റെ വീട്ടിലെത്തി നല്‍കിയത്. ബുധനാഴ്ച രാത്രിയായിരുന്നു ഡാന്‍സാഫ് സംഘത്തിന്റെ ലഹരി പരിശോധനയ്ക്കിടെ ഷൈന്‍ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്.
◾ നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ നേരിട്ട് വിശദീകരണം നല്‍കാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച ഫിലിം ചേംബര്‍ ആസ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരിട്ട് എത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് ഷൈനിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പൊലീസ് അന്വേഷണവുമായും ഷൈന്‍ സഹകരിക്കും.
◾ മണ്ണടിഞ്ഞു കൂടി പൊഴി മൂടപ്പെട്ട മുതലപ്പൊഴിയില്‍, അടിയന്തിരമായി മണ്ണ് നീക്കം ചെയ്ത് സമീപ പഞ്ചായത്തുകളെ സംരക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് പകരം പ്രദേശത്ത് കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ കാണാത്ത വിധം പൊഴിയില്‍ അസാധാരണമായി മണ്ണിടിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വട്ടം കറക്കി പിവി അന്‍വര്‍. ആര്യാടന്‍ ഷൗക്കത്തിനെ മല്‍സരിപ്പിക്കാനാകില്ലെന്ന് എപി അനില്‍കുമാറുമായുള്ള ചര്‍ച്ചയിലും അന്‍വര്‍ ആവര്‍ത്തിക്കുകയായിരുന്നു. വിജയ സാധ്യത ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്ക്കാണെന്ന നിലപാട് പിവി അന്‍വര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. ഷൗക്കത്ത് മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന മുന്നറിയിപ്പ് തന്നെയാണ് അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞദിവസം ആര്യാടന്‍ ഷൗക്കത്ത് അന്‍വറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അന്‍വര്‍ വഴങ്ങിയില്ല. ഇതോടെ എളുപ്പത്തില്‍ ജയിച്ചു കയറാം എന്ന് കരുതുന്ന ഒരു സീറ്റില്‍ വലിയ പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ്.
◾ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായി പി.വി. അന്‍വര്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങളുമായുള്ള ആശയവിനിമയം താല്‍ക്കാലികമായി നിര്‍ത്തിയെന്നും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്നും അന്‍വര്‍ കുറിച്ചു.
◾ വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളില്‍ എത്തിയ മൂന്ന് പേരാണ് ബസിന്റെ ചില്ല് തകര്‍ത്തത്. സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയിലായി. മീനങ്ങാടി സ്വദേശികളായ നിഹാല്‍, അന്‍ഷിദ്, ഫെബിന്‍ എന്നിവരാണ് പിടിയിലായത്. ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറാന്‍ കാരണം ബസാണെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
◾ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ നിന്ന് 11 അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരിച്ചു. ഇവരില്‍ അഞ്ച് പേര്‍ പുതുമുഖങ്ങളാണ്. എംആര്‍ മുരളി, കെ പ്രേംകുമാര്‍ എംഎല്‍എ, സുബൈദ ഇസ്ഹാഖ്, പൊന്നുക്കുട്ടന്‍, ടി.കെ നൗഷാദ് എന്നിവരാണ് സെക്രട്ടേറിയേറ്റിലെത്തിയ പുതിയ അംഗങ്ങള്‍.
◾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂര്‍ സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യര്‍ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സി പി എം നേതാവ് എ കെ ബാലന്‍ രംഗത്ത്. ദിവ്യക്കെതിരായ സൈബര്‍ ആക്രമണത്തെ ശക്തമായി അപലപിച്ച ബാലന്‍, അവര്‍ ബ്യൂറോക്രസിയിലെ ഉണ്ണിയാര്‍ച്ചയെന്നും വിശേഷിപ്പിച്ചു.
◾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യര്‍ നടത്തിയ പുകഴ്ത്തല്‍ സര്‍വീസ് ചട്ട ലംഘനമെന്ന് ചൂണ്ടികാട്ടി യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. കെ കെ രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റ്, ദിവ്യ എസ് അയ്യരുടെ സര്‍വീസ് ചട്ടം ലംഘനമാണെന്നും വിഷയത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനാണ് പരാതി നല്‍കിയത്.
◾ വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ (CASA-ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍) സുപ്രീം കോടതിയില്‍. കേരളത്തില്‍ നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചെടുത്തോളം നിര്‍ണ്ണായകമെന്ന് കാസ പറയുന്നു. സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടാകുന്ന ഏത് തീരുമാനവും മുനമ്പം നിവാസികള്‍ക്ക് നിര്‍ണ്ണായകമാണെന്നു വ്യക്തമാക്കിയ കാസ മുസ്ലിം ലീഗ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയില്‍ നിലപാടെടുത്തു.
◾ നാല് വയസുകാരന്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കോന്നി ആനകൂട് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഗാര്‍ഡന്‍ ഫെന്‍സിങിന്റെ ഭാഗമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണാണ് അപകടം നടന്നത്. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഇന്നലെ രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. ഗുരുതരമായി പരുക്കേറ്റ അഭിരാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾ പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം. ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക വിവരം. രാത്രി 9.45 ഓടെയായിരുന്നു അപകടം. വെടിക്കെട്ടിന്റെ അവസാന ലാപ്പില്‍ വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു.
◾ പ്രശസ്ത ഹൃദ്രോഗ വിദഗ്ദന്‍ ഡോ മാത്യൂ സാമുവേല്‍ കളരിക്കല്‍ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യയില്‍ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെ ആതുര ശുശ്രൂഷ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം .
◾ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ച ഇ ഡി നടപടിക്കെതിരായ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് യോഗം ചേരും. വൈകീട്ട് നാല് മണിക്കാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വിളിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍ എസ് യു ഭാരവാഹികളും പങ്കെടുക്കും. റോസ് അവന്യൂ കോടതിയിലെ നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. ഉയര്‍ന്ന കോടതികളിലേക്ക് തല്‍ക്കാലം പോകേണ്ടെന്നും കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. ദില്ലി റോസ് അവന്യൂ കോടതി ഏപ്രില്‍ 25 നാണ് കേസ് പരിഗണിക്കുക.
◾ ബിജെപിയെ വീണ്ടും വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഡല്‍ഹിയില്‍ നിന്നുള്ള ഒരു ശക്തിക്കും ഒരിക്കലും ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം ഭരിക്കാന്‍ കഴിയില്ലെന്ന് എംകെ സ്റ്റാലിന്‍ തുറന്നടിച്ചു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും എഐഎഡിഎംകെയും അടുത്തിടെ വീണ്ടും ഒന്നിച്ച പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രസ്താവന.
◾ വഖഫ് ഭേദഗതി ബില്ലില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ക്രെഡിറ്റിനെ ചൊല്ലി തമിഴ്നാട്ടില്‍ രാഷ്ട്രീയപ്പോര്. ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ പേരില്‍ ഡി എം കെയും, നടന്‍ വിജയ് യുടെ പാര്‍ട്ടിയായ ടി വി കെയുമാണ് അവകാശവാദം ഉന്നയിക്കുന്നത്. ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ നടപടിയെ നിയമപോരാട്ടത്തിലൂടെ തോല്‍പ്പിച്ചെന്ന് അവകാശപ്പെട്ട് ടി വി കെയാണ് ആദ്യം രംഗത്തെത്തിയത്.
◾ കര്‍ണാടകയില്‍ സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലിം സംവരണം നല്‍കുന്ന ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചതില്‍ നടപടി വൈകിയാല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. ബില്ലുകളില്‍ ഗവര്‍ണര്‍മാരും രാഷ്ട്രപതിയും മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഗവര്‍ണര്‍ ബില്ല് നിയമമാക്കുന്നത് വൈകിപ്പിക്കുകയാണെന്നാരോപിച്ചാകും കോടതിയെ സമീപിക്കുക.
◾ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്ന സയാളാണ് പിടിയിലായത്. ട്രെയിനിങില്‍ പങ്കെടുക്കാനെത്തി ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന 46 കാരിയായ എയര്‍ഹോസ്റ്റസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സദര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കി അഞ്ച് ദിവസത്തിനുശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
◾ രോഹിത് വെമുല നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് രാഹുല്‍ ഗാന്ധി കത്ത് നല്‍കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിത്, ആദിവാസി വിദ്യാര്‍ത്ഥികള്‍ വിവേചനം നേരിടുന്നത് അംഗീകരിക്കാനാകില്ലെന്നും നിയമം ഉടന്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട്, അംബേദ്കര്‍ ജയന്തി ദിവസമാണ് രാഹുല്‍ ഗാന്ധി കത്ത് അയച്ചത്. കത്ത് സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ച രാഹുല്‍, നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *