പ്രഭാത വാർത്തകൾ
2025 ഏപ്രിൽ 20 | ഞായർ
1200 മേടം 07 പൂരാടം
1446 ശവ്വാൽ 21
◾ യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ പുതുക്കി മറ്റൊരു ഈസ്റ്റര്‍ ദിനം കൂടി. എല്ലാ പീഡകള്‍ക്കുമപ്പുറം നല്ലൊരു പുലരി ഉയിര്‍ത്തെണീക്കുമെന്ന സന്ദേശമാണ് ഓരോ ഈസ്റ്റര്‍ ദിനവും ലോകത്തെ പഠിപ്പിക്കുന്നത്. ഏല്ലാവര്‍ക്കും താമരശ്ശേരി ന്യൂസിൻ്റെ
ഈസ്റ്റര്‍ ദിനാശംസകൾ..

◾ സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന് സര്‍ക്കാര്‍ 100 കോടിയിലേറെ രൂപ ചെലവിടുമെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ കാസര്‍ഗോഡ് ആരംഭിച്ചു മേയ് 23നു തിരുവനന്തപുരത്ത് അവസാനിക്കുന്ന വിധമാണ് എല്ലാ ജില്ലയിലും എന്റെ കേരളം എന്ന പേരില്‍ 7 ദിവസത്തെ പ്രദര്‍ശന, വിപണന മേളകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ശീതീകരിച്ച പന്തലുകള്‍ക്കും സൗകര്യങ്ങള്‍ക്കും 42 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ നിര്‍മാണച്ചുമതല ഊരാളുങ്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനത്തിനാണ്. വാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടി എല്ലാ ജില്ലയിലും നടത്തും. ക്ഷണക്കത്ത് അച്ചടിച്ച് പാര്‍ട്ടി ഓഫിസുകള്‍ വഴി പ്രമുഖരെ കണ്ടെത്തി നടത്തുന്ന പരിപാടിക്കുള്ള ചെലവ് പ്രത്യേകമാണ്. പിന്നാലെ മേഖലാതല യോഗങ്ങള്‍ വരും. ജില്ലാതല യോഗങ്ങള്‍ നടക്കുന്ന ദിവസം എല്‍ഡിഎഫ് റാലിയും നടത്തും.
◾ ഈസ്റ്ററിനോട് അനുബന്ധിച്ച് അരമനകളിലേക്കും ക്രൈസ്തവ ഭവനങ്ങളിലേക്കും നടത്തിവന്നിരുന്ന സ്‌നേഹയാത്രയ്ക്ക് പകരം ഇത്തവണ ബിജെപി നേതാക്കള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. പള്ളികള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരം പാളയം ലൂര്‍ദ് ഫൊറോന പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ കൈമാറും.
◾ രാജ്യത്ത് മതപരമായ യുദ്ധങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിന് ഉത്തരവാദികള്‍ സുപ്രീംകോടതിയാണെന്നും ആഭ്യന്തര യുദ്ധങ്ങള്‍ക്ക് കാരണം ചീഫ് ജസ്റ്റിസ് സജീവ് ഖന്നയാണെന്നും കുറ്റപ്പെടുത്തി ബിജെപി എംപി നിഷികാന്ത് ദുബേ. ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് രാഷ്ട്രപതിയാണെന്നും ഈ രാജ്യത്തിന്റെ നിയമങ്ങള്‍ രൂപവത്കരിക്കുന്നത് പാര്‍ലമെന്റാണെന്നും ആ പാര്‍ലമെന്റിനോട് നിങ്ങള്‍ ആജ്ഞാപിക്കുമോ എന്നുമാണ് ദുബെയുടെ ചോദ്യം. സുപ്രീംകോടതി നിയമങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ പിന്നെ പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്ന് ദുബെ പറഞ്ഞു. അതേസമയം, നിഷികാന്ത് ദുബെയുടെ പ്രസ്താവനയ്ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ദ വ്യക്തമാക്കി.
◾ വനിത സിപിഒ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്നിരുന്ന സമരമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്നലെ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ അവസാനിപ്പിച്ചത്. ഹാള്‍ ടിക്കറ്റും റാങ്ക് പട്ടികയും കത്തിച്ചുകൊണ്ടാണ് സമരം അവസാനിപ്പിച്ചത്.
◾ സെക്രട്ടറിയേറ്റിന് മുന്നിലെ വനിത സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തെ പരിഹസിച്ച് ഇടത് മുന്നണി കണ്‍വീനറും മുതിര്‍ന്ന വനിതാ നേതാവ് പികെ ശ്രീമതിയും. സമരം തുടങ്ങുന്നവര്‍ക്ക് അവസാനിപ്പിക്കാനുള്ള ധാരണയും വേണമെന്നായിരുന്നു ഇടത് മുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്റെ നിലപാട്. സമരക്കാര്‍ക്ക് വാശിയല്ല ദുര്‍വ്വാശിയാണെന്നാണ് ശ്രീമതിയുടെ പ്രതികരണം.
◾ ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എന്‍ഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളുമാണ് ഷൈനെതിരെ ചുമത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകള്‍ക്കും ശേഷമാണ് പുറത്തിറങ്ങിയത്. ഷൈന്‍ തെളിവ് നല്‍കാതിരിക്കാന്‍ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
◾ ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയെ ആന്റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളെടുത്തു. ഷൈന്റെ മുടി, രക്തം, നഖം എന്നിവയുടെ സാമ്പിളുകളാണ് എടുത്തത്. പൊലീസ് നടപടിയുമായി ഷൈന്‍ ടോം ചാക്കോ പൂര്‍ണമായും സഹകരിച്ചു. സാമ്പിളുകള്‍ പൊലീസിന്റെ തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കും.
◾ നടി വിന്‍സി അലോഷ്യസിന്റെ പരാതി വ്യാജമെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ആരോപണം തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും നടന്‍ പോലീസിന് മൊഴി നല്‍കി. വിന്‍സി ആരോപിച്ചതുപോലെ ഒന്നും സംഭവച്ചിട്ടില്ലെന്നും നടന്‍ പറഞ്ഞു. സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലായിരുന്നു നടന്‍ മൊഴി നല്‍കിയത്.
◾ ആലപ്പുഴയില്‍ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് പൊലീസിന് മുന്നില്‍ കുറ്റസമ്മതവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. കൂടാതെ, മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈന്‍ തുറന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷന്‍ സെന്ററിലാക്കിയിരുന്നുവെന്നും കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസമാണ് കഴിഞ്ഞതെന്നും എന്നാല്‍ താന്‍ അവിടെ നിന്ന് പാതിവഴിയില്‍ ചികിത്സ നിര്‍ത്തി മടങ്ങിയെന്നും പൊലീസിനോട് പറഞ്ഞു.
◾ ചിത്രീകരണം പൂര്‍ത്തിയായ സൂത്രവാക്യം എന്ന സിനിമ ഇനി എന്താവുമെന്ന് അറിയില്ലെന്നും സിനിമയെ വെറുതെ വിടണമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് ശ്രീകാന്ത് കണ്ടര്‍ഗുള. ചിത്രീകരണത്തിനിടെ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പൊതുസമൂഹത്തോട് തുറന്നുപറഞ്ഞ നടി വിന്‍സി അലോഷ്യസിനെ അഭിനന്ദിക്കുന്നതായും വിന്‍സി കാണിച്ച ധൈര്യത്തെ ബഹുമാനിക്കുന്നതായും ശ്രീകാന്ത് പറഞ്ഞു.
◾ നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ പി. വി. അന്‍വര്‍ ഫാക്ടര്‍ ഇല്ലെന്ന് ലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ്. നിലമ്പൂരില്‍ പി.വി. അന്‍വറിന് പ്രസക്തി ഇല്ല. അന്‍വര്‍ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. അന്‍വര്‍ അല്ല യുഡിഎഫിന്റെ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടതെന്നും സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും വഹാബ് പറഞ്ഞു. ആരുടേയും ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് വഴങ്ങരുതെന്നും ആര് സ്ഥാനാര്‍ഥി ആയാലും ലീഗ് പിന്തുണക്കുമെന്നും വിജയിപ്പിക്കുമെന്നും പി.വി. അബ്ദുള്‍ വഹാബ് പറഞ്ഞു.
◾ ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജമായെന്നും തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു.
◾ നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ദുരൂഹത നീക്കാനാകാതെ പൊലീസ്. ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകള്‍ ഫൊറന്‍സിക് സംഘത്തിന് ലഭിച്ചിട്ടും ഇതുവരെ അന്തിമ റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല. മരണ ശേഷം മൃതദേഹം സമാധി സ്ഥലത്ത് കൊണ്ടുവച്ചതാകാമെന്നാണ് ഇതേവരെയുള്ള അന്വേഷണത്തില്‍ പൊലീസ് നിഗമനം.
◾ ഇംഗ്ലീഷ് മീഡിയത്തിലുള്ളവ ഉള്‍പ്പെടെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍കാനുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന്റെ സമീപകാല തീരുമാനങ്ങള്‍ക്കെതിരെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തയച്ചു. എന്‍സിഇആര്‍ടിയുടെ തീരുമാനം തിരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് അയച്ച കത്തില്‍ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
◾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അക്രമ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെയും കൊലവിളി നടത്തുന്ന സംഘപരിവാര്‍ക്കുക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ നിസംഗത പുലര്‍ത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെയും ഏപ്രില്‍ 29ന് പാലക്കാട് കെപിസിസിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
◾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫില്‍ സ്ഥാനാര്‍ത്ഥിയുടെ ക്ഷാമം ഇല്ലെന്നും ഇടതുമുന്നണി സീറ്റ് നിലനിര്‍ത്തുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾ പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ നാലു വയസുകാരന്‍ അഭിരാമിന്റെ അപകടമരണത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലംമാറ്റാനും വനംവകുപ്പ് തീരുമാനിച്ചു. സുരക്ഷ ഉറപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ കടുത്ത അനാസ്ഥയാണ് കോണ്‍ക്രീറ്റ് തൂണ് വീണ് കുട്ടി മരിക്കാന്‍ കാരണമായതെന്നും വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി.
◾ സൗദിയില്‍ വാഹനം ഇടിച്ച് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര പൂവാറ്റൂര്‍ സ്വദേശി ഗോപി സദനം വീട്ടില്‍ ഗോപകുമാര്‍ (52) ആണ് മരിച്ചത്. തുഖ്ബ സ്ട്രീറ്റ് 20-ല്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് വാഹനമിടിച്ചത്.
◾ ഡിസിസി ശാക്തീകരണത്തിന്റെ ഭാഗമായി ഓരോ ജില്ലകളിലും രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഡിസിസി ശാക്തീകരണത്തില്‍ ജനസമ്പര്‍ക്കം, ഫണ്ട് സ്വരൂപിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേരള മോഡല്‍ അടിസ്ഥാനമാക്കും. ശാക്തീകരണ നടപടികള്‍ ആദ്യം തുടങ്ങിയ ഗുജറാത്തില്‍ മെയ് 31ന് പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് വിലക്കില്ലെന്നും വ്യക്തമാക്കി.
◾ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലുണ്ടായ അക്രമത്തിനെതിരായ ബംഗ്ലാദേശ് പരാമര്‍ശത്തെ തള്ളി ഇന്ത്യ. മൂന്ന് പേര്‍ കൊല്ലപ്പെട്ട അക്രമത്തേക്കുറിച്ചുള്ള ബംഗ്ലാദേശ് പരാമര്‍ശമാണ് ഇന്ത്യ വെളളിയാഴ്ച തള്ളിയത്. തെറ്റായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് പകരം ബംഗ്ലാദേശ് സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രംധീര്‍ ജയ്സ്വാള്‍ വിശദമാക്കിയത്.
◾ ആശുപത്രികളില്‍ നിന്ന് വന്‍ തുക വില വരുന്ന ഉപകരണങ്ങള്‍ തെരഞ്ഞുപിടിച്ച് മോഷ്ടിച്ചിരുന്ന എഞ്ചിനിയറിംഗ് ബിരുദധാരി അറസ്റ്റില്‍. ദില്ലി എന്‍സിആര്‍, ജയ്പൂര്‍, മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്ന് ആശുപത്രികളില്‍ മാത്രം മോഷണം നടത്തിയിരുന്ന 31കാരനാണ് അറസ്റ്റിലായത്. കൊവിഡ് കാലത്തെ ചികിത്സകള്‍ ചെയ്ത് വന്‍ കടക്കെണിയിലായതോടെയാണ് വികാസ് എന്ന എഞ്ചിനിയറിംഗ് ബിരുദധാരി ആശുപത്രികളില്‍ വൈരാഗ്യ ബുദ്ധിയോടെ മോഷണം പതിവാക്കിയത്.
◾ ഛത്തീസ്ഡഢിലെ കോര്‍ബയില്‍ രണ്ട് ഐസ്‌ക്രീം ഫാക്ടറി തൊഴിലാളികളെ തൊഴിലുടമയും സഹായിയും ചേര്‍ന്ന് ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളികളുടെ നഖങ്ങള്‍ വലിച്ചു കീറിയെടുത്തെന്നും വൈദ്യുതാഘാതമേല്‍പ്പിച്ചെന്നും പൊലീസ് പറഞ്ഞു. ഫാക്ടറി ഉടമയും കൂട്ടാളിയും ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്.
◾ രാഷ്ട്രീയ ഭിന്നതകള്‍ അവസാനിപ്പിക്കാനും ഒരുമിക്കാനും ഒരുങ്ങുന്നുവെന്ന സൂചനയുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) നേതാവ് രാജ് താക്കറെയും. രാഷ്ട്രീയ വൈരത്തിനും മുകളിലാണ് മഹാരാഷ്ട്രയുടെ ഭാഷാ-സാംസ്‌കാരിക താല്‍പര്യങ്ങളെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.
◾ മുന്‍ സഹപാഠിയെ വിവാഹം കഴിക്കാന്‍ വേണ്ടി മൂന്ന് മക്കളെ കൊന്ന അമ്മ അറസ്റ്റില്‍. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയില്‍ നിന്നുള്ള 38 വയസ്സുള്ള രജിത എന്ന അധ്യാപികയാണ് കേസിലെ പ്രതി. പന്ത്രണ്ടും പത്തും എട്ട് വയസ്സുമുള്ള മക്കളെയാണ് അമ്മ കൊലപ്പെടുത്തിയത്. അടുത്തിടെ സ്‌കൂള്‍ റീയൂണിയനില്‍ തന്റെ സഹപാഠിയായ ശിവകുമാറിനെ രജിത വീണ്ടും കണ്ടുമുട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. .
◾ മുസ്തഫാബാദില്‍ നാലുനില പാര്‍പ്പിട സമുച്ചയം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ ഉടമ തെഹ്‌സിനും (60) ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ മരിച്ച 11 പേരില്‍ എട്ടുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
◾ യേശുക്രിസ്തു ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, ഈ ഭരണകൂടം അദ്ദേഹത്തെ പിടികൂടി മതിയായ നടപടിക്രമങ്ങള്‍ കൂടാതെ ഈ രാജ്യത്ത് നിന്ന് പുറത്താക്കിയേനെയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നാടുകടത്തല്‍ നയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മിനസോട്ട ഗവര്‍ണറും മുന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ടിം വാള്‍സിന്റെ മകള്‍ ഹോപ്പ് വാള്‍സ്. മേരിലാന്‍ഡിലെ കില്‍മാര്‍ അബ്രേഗോ ഗാര്‍സിയയെ നാടുകടത്തിയതിലുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഹോപ്പിന്റെ പ്രതികരണം.
◾ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 54 പന്തില്‍ 97 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ജോസ് ബട്‌ലറുടെ മികവില്‍ 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.
◾ അവസാന ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്ന ഒമ്പത് റണ്‍സ് പ്രതിരോധിച്ച ആവേശ് ഖാന്റെ മികവില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് രണ്ട് റണ്‍സിന്റെ വിജയം. ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്നൗ 66 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രത്തിന്റേയും 50 റണ്‍സെടുത്ത ആയുഷ് ബദോണിയുടേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. 74 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 34 റണ്‍സെടുത്ത അരങ്ങേറ്റക്കാരനായ വൈഭവ് സൂര്യവംശിയും നല്‍കിയ മികച്ച തുടക്കം രാജസ്ഥാന്റെ ഷിമ്രോണ്‍ ഹെറ്റ്മയര്‍ക്കും ധ്രുവ് ജുറേലിനും മുതലാക്കാനായില്ല. ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വിജയത്തിലേക്ക് ആവശ്യമായിരുന്നിട്ടും, രാജസ്ഥാന് ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല.
◾ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറിയ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എട്ട് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റാണുള്ളത്. എട്ട് മത്സരങ്ങളില്‍ ആറാം തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ 10 വീതം പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നിവരാണ് യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. ഉയര്‍ന്ന റണ്‍റേറ്റാണ് ഗുജറാത്തിനെ ഒന്നാമതെത്തിച്ചത്.
◾ ഐപിഎല്ലില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്താമാക്കി രാജസ്ഥാന്‍ യുവതാരം വൈഭവ് സൂര്യവംശി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ രാജസ്ഥാനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തതോടെയാണ് വൈഭവിന് ഈ നേട്ടം സ്വന്തമായത്. 14 വര്‍ഷവും 23 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് താരത്തിന്റെ അരങ്ങേറ്റം. അതേസമയം നേരിട്ട ആദ്യ പന്തു തന്നെ സിക്‌സര്‍ പറത്തിയാണ് വൈഭവ് തന്റെ തുടക്കം അറിയിച്ചത്. 20 പന്തുകള്‍ നേരിട്ട സൂര്യവംശി 34 റണ്‍സ് നേടിയാണ് പുറത്തായത്. പുറത്തായതില്‍ നിരാശനായ വൈഭവ് കണ്ണുകള്‍ തുടച്ചുകൊണ്ടാണ് മടങ്ങിയത്.