പാലക്കോട്ട് വയലിലിൽ ആൾക്കൂട്ട ആക്രമത്തിൽ യുവാവ് കൊല്ലപ്പെട്ടു: പത്തു പേർ അറസ്റ്റിൽ
കോഴിക്കോട്:
കോളജിലെ സംഘർഷത്തെ തുടർന്ന് ആൾക്കൂട്ട ആക്രമത്തിൽ യുവാവ് കൊല്ലപ്പെട്ടു. പത്തു പേർ അറസ്റ്റിൽ. മായനാട് പാലക്കോട്ടുവയല്‍ അമ്പലക്കണ്ടി കിഴക്കയില്‍ എം.കെ. സൂരജ്(20) ആണ് മരിച്ചത്. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ പത്തുപേർ അറസ്റ്റിലായി.
സൂരജിന്റെ നാട്ടുകാരായ മനോജ് കുമാര്‍ (49), മക്കളായ അജയ് മനോജ് (20), വിജയ് മനോജ് (19), പ്രദേശവാസികളായ
അനന്തു കൃഷ്ണ (20), അശ്വിൻ ശങ്കർ (18), യദുകൃഷ്ണ 20, അഭിശാന്ത് (21), വിജയ് കൃഷ്ണ (21), നിഹൽ (20), എന്നിവരെയാണ് ചേവായൂർ ഇൻസ്പെക്ടർ സജീവ്,സബ് ഇൻസ്പെക്ടർമാരായ നിവിൻ കെ ദിവാകരൻ, മിജോ, റഷീദ്,സിവിൽ പോലീസ് ഓഫീസർമാരായ ആദിൽ,ഷഹീർ, ഷാഫി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത ഒമ്പത് പ്രതികളെ കോടതിയിൽ ഹാജരാക്കി പ്രായപൂർത്തിയാകാത്ത കുറ്റാരോപിതനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി.
കണ്ടാലറിയാവുന്ന 15ഓളം പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. പാലക്കോട്ടുവയല്‍ തിരുത്തിക്കാവ് ക്ഷേത്ര ഉത്സവത്തിനിടെ ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് സൂരജിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നത്. ഗുരുതര പരിക്കേറ്റ സൂരജിനെ നാട്ടുകാര്‍ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചാത്തമംഗലം എസ്.എന്‍.ഇ.എസ് കോളജിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സീനിയര്‍- ജൂനിയര്‍ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്.
സൂരജിന്റെ സുഹൃത്ത് അശ്വന്തും അറസ്റ്റിലായ വിജയ് മനോജും ഈ കോളജിലെ വിദ്യാര്‍ഥികളാണ്. മുമ്പ് ഇവര്‍ തമ്മില്‍ നിസാര കാര്യത്തിന് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാത്രി തിരുത്തിക്കാവിലെ ഉത്സവത്തിനെത്തിയ അശ്വന്തിനെ വിജയിയും സുഹൃത്തുക്കളും തടഞ്ഞു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അശ്വന്തിനായി സൂരജ് ഇടപെടുകയും തര്‍ക്കം താല്‍ക്കാലികമായി ഒഴിവാക്കുകയും ചെയ്തു. എന്നാല്‍, സൂരജിന്റെ ഇടപെടല്‍ മറുവിഭാഗത്തിന് ശത്രുതയുണ്ടാക്കി.
രാത്രി 12 മണിയോടെ വിജയിയുടെ പിതാവും സഹോദരനും വിഷയത്തില്‍ ഇടപെട്ടതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. സൗഹൃദം നടിച്ചു വിജയിയുടെ അച്ഛന്‍ മനോജ് സൂരജിനെ സമീപത്തെ ഇടവഴിയിലേക്ക് വിളിച്ചു കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്ന് നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ അദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സൂരജിന്റെ മരണ വിവരമറിഞ്ഞതോടെ പാലക്കോട്ടുവയലില്‍ രാത്രി തന്നെ സംഘര്‍ഷമുണ്ടായി. പ്രതികളുടെ വീട് ഒരുവിഭാഗം ആക്രമിച്ചു. മുറ്റത്തുണ്ടായിരുന്ന റിറ്റ്‌സ് കാറിന്റെ ചില്ലുകളും വീടിന്റെ ജനല്‍ ചില്ലുകളും എറിഞ്ഞുടക്കുകയും ബൈക്ക് മറിച്ചിടുകയും ചെയ്തു.
പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ സി.ഡബ്ലി.യു.ആര്‍.ഡി.എം ബൈപ്പാസ് റോഡ് ഇന്നലെ രാവിലെ ഉപരോധിച്ചു. പിന്നീട് പോലിസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ചേവരമ്പലത്തെ കാര്‍ കമ്പനിയില്‍ ടെക്‌നീഷ്യനാണ് സൂരജ്. അമ്മ: രസ്‌ന. സഹോദരന്‍: ആധിത്യന്‍ (സി.ആര്‍.സി ചേവായൂര്‍).