Friday, May 2, 2025
KERALA NEWSNews SPECIAL

പ്രഭാത വാർത്താമുദ്ര

2025 ഏപ്രിൽ 28 തിങ്കൾ
1200 മേടം 15 ഭരണി
1446 ശവ്വാൽ 29

◾ പഹല്‍ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരമ്പുകയാണെന്നും പഹല്‍ഗാമിലെ ഭീകരാക്രമണം പാകിസ്ഥാന്റെ ഭീരുത്വത്തെ കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയതെന്നും പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
◾ സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ നടപടിക്കെതിരെ പ്രതിഷേധം തുടര്‍ന്ന് പാകിസ്ഥാന്‍. ഓരോ തുളളി വെള്ളത്തിലും പാകിസ്ഥാനും അവകാശമുണ്ടെന്നും കരാര്‍ ഏകപക്ഷീയമായി പിന്‍വലിക്കാനാവില്ലെന്നും പാക് മന്ത്രി അഹമ്മദ് ഖാന്‍ ലഘാരി പ്രതികരിച്ചു.
◾ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക് സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ പാകിസ്ഥാന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ചൈന. പാകിസ്ഥാന്‍ എല്ലാ കാലത്തെയും സുഹൃത്താണെന്നും പാകിസ്ഥാന്റെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കാന്‍ കൂടെയുണ്ടാവുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം ആണ് വേണ്ടതെന്നും ചൈന വ്യക്തമാക്കി.
◾ ജമ്മു കശ്മീരില്‍ സാമൂഹികപ്രവര്‍ത്തകന്‍ ഗുലാം റസൂല്‍ മഗരെയെ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തി. 45 വയസായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെ കുപ്വാര ജില്ലയിലെ കന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദികള്‍ ഗുലാമിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തീവ്രവാദികള്‍ എന്തുകൊണ്ടാണ് സാമൂഹിക പ്രവര്‍ത്തകനെ ആക്രമിച്ചത് എന്ന് വ്യക്തമല്ല.
◾ പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇന്ത്യ. പാകിസ്ഥാന്‍ പലയിടത്തും വെടിവയ്പ് തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറില്‍ നിയന്ത്രണ രേഖയില്‍ പലയിടത്തും പാകിസ്ഥാന്‍ വെടിവയ്പ് നടത്തി. അതോടൊപ്പം നിയന്ത്രണ രേഖയില്‍ ഏത് സാഹചര്യം നേരിടാനും തയ്യാറെന്ന് സൈന്യം വ്യക്തമാക്കി.
◾ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 537 പാകിസ്ഥാനികള്‍ അട്ടാരി അതിര്‍ത്തി വഴി മടങ്ങിയെന്ന് കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 6 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും വിവരമുണ്ട്. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരത്വമുള്ളവര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണിത്. അതേസമയം പാകിസ്ഥാന്‍ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാര്‍ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്.
◾ ജമ്മു കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലെ പാകിസ്ഥാനി പൗരന്‍മാരെ കണ്ടെത്താന്‍ പരിശോധനയുമായി ദില്ലി പൊലിസ്. 5000 പേര്‍ ആകെ ദില്ലിയിലുണ്ടെന്നാണ് കണക്ക്. പാക് പൗരന്‍മാര്‍ മടങ്ങിയോ എന്നത് വിലയിരുത്താന്‍ നാളെ കേന്ദ്രം യോഗം ചേരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ പൗരന്‍മാരോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
◾ ഏപ്രില്‍ 22 ലെ ഭീകരാക്രമണത്തിന് ശേഷം പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങി. ഇന്നലെ നൂറുകണക്കിന് വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളാണ് പഹല്‍ഗാം പട്ടണം സന്ദര്‍ശിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സാധാരണ ദിവസങ്ങളില്‍ 5,000 മുതല്‍ 7,000 വരെ വിനോദസഞ്ചാരികള്‍ എത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന് ശേഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ അപലപിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍. ഇത്തരം മനുഷ്യത്വരഹിതമായ ഭീകരപ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് ഫോണിലൂടെയാണ് ഇറാന്‍ പ്രസിഡന്റ് അറിയിച്ചത്. സംഭാഷണത്തിനിടെ മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾ പഹല്‍ഗാമിലെ ഭീകരാക്രമണം തടയുന്നതിലെ രഹസ്യാന്വേഷണ വീഴ്ച ഇപ്പോള്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ സംവിധാനം ഉണ്ടാവില്ലെന്നും സുരക്ഷവീഴ്ച പിന്നീട് പരിശോധിക്കാമെന്നും ഇപ്പോള്‍ അതിനല്ല പ്രാധാന്യമെന്നും തരൂര്‍ പറഞ്ഞു. ഇസ്രയേലിന്റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി.
◾ പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി വയോധികന്‍ മരിച്ചു. ഉള്‍ക്കാട്ടില്‍ വിറകു ശേഖരിക്കുന്നതിനിടെ പുതൂര്‍ സ്വര്‍ണഗദ്ധ ഉന്നതിയിലെ കാളിയെ ആണ് കാട്ടാന ആക്രമിച്ചത്. കാളിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ചുലക്ഷം രൂപ കൈമാറുമെന്ന് വനംവകുപ്പ് അറിയിച്ചു.
◾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ കേന്ദ്ര കമ്മറ്റി അംഗം പി.കെ. ശ്രീമതിക്ക് പിണറായി വിജയന്റെ വിലക്കെന്ന് വാർത്തകള്‍. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില്‍ മാത്രമാണെന്നും അതുപയോഗിച്ച് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനാവില്ലെന്നും കേന്ദ്രകമ്മിറ്റി അംഗമെന്നനിലയില്‍ കേരളത്തിലെ നേതൃയോഗങ്ങളില്‍ പങ്കെടുക്കാനോ സംഘടനാചുമതല ഏറ്റെടുക്കാനോ കഴിയില്ലെന്നുമാണ് പിണറായിയുടെ നിലപാടെന്ന് റിപ്പോര്‍ട്ടുകള്‍.
◾ പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും അംഗമായിരുന്നുവെന്നും 75 വയസ് പൂര്‍ത്തിയായതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവായി എന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നും സെന്‍ട്രല്‍ കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. പിണറായിയെപ്പോലൊരു നേതാവിന്റെ വിലക്ക് തനിക്ക് ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പി.കെ. ശ്രീമതി പറഞ്ഞു. കേരളത്തില്‍ ഉണ്ടെങ്കില്‍ ഇനിയും സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
◾ സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയനെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന കാലത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് രാഗേഷിന്റെ പരാമര്‍ശം.
◾ മാസപ്പടി കേസിലെ മൊഴി സംബന്ധിച്ച വീണ വിജയന്റെ വിശദീകരണം തെറ്റാണെന്ന് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്. എസ് എഫ് ഐ ഓ റിപ്പോര്‍ട്ടില്‍ വ്യക്തമായി വീണ സേവനം നല്‍കിയിട്ടില്ലെന്ന് പറയുന്നുവെന്നും വീണമാത്രമല്ല എക്സാലോജിക്കിലെ ഉദ്യോഗസ്ഥരും സി എം ആര്‍ എല്‍ ഐടി ഹെഡും സേവനം ഒന്നും നല്‍കിയിട്ടില്ലെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ പൊലീസിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍. തനിക്കെതിരെയുള്ള ഫെയ്സ്ബുക്ക് അധിക്ഷേപത്തിനു പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ രണ്ടു പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ എന്തു നടപടി സ്വീകരിച്ചെന്നു പൊലീസ് അറിയിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. അധിക്ഷേപിച്ചവര്‍ മാപ്പു പറഞ്ഞെന്നു മാത്രം പറഞ്ഞുവെന്നും എഫ്ഐആറോ മാപ്പു പറഞ്ഞ രേഖയോ പോലും കിട്ടിയില്ലെന്നും നാലു തവണ എംഎല്‍എയായ തന്റെ സ്ഥിതി ഇതാണ് എങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്താകുമെന്നും ജി സുധാകരന്‍ പറഞ്ഞു.
◾ വയനാട്ടില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന സെമിനാറുകളില്‍ ആളുകളെ എത്തിക്കാന്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ടുകള്‍. സാക്ഷരത മിഷന്‍ നടത്തുന്ന സെമിനാറുകളില്‍ പങ്കെടുത്തില്ലെങ്കില്‍ തുല്യത പഠിതാക്കളെ പരീക്ഷ എഴുതിപ്പിക്കില്ലെന്നും സിഇ മാര്‍ക്ക് കുറക്കുമെന്നും ഭീഷണിപ്പെടുത്തിയതയാണ് വിവരം.
◾ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ഗുരുതര ആരോപണം നേരിടുന്ന കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഇപ്പോഴും തുടരുന്നത് സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചീഫ് സെക്രട്ടറി പദവി ഉള്‍പ്പെടെ വഹിച്ചിട്ടുള്ള കെ.എം എബ്രഹാം രാജിവച്ച് പുറത്തു പോകാന്‍ തയാറാകണമെന്നും അതിന് തയാറായില്ലെങ്കില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും ലാവവിന്‍ കേസില്‍ സാക്ഷി ആയതു കൊണ്ടാണോ കെ.എം എബ്രഹാമിനെ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.
◾ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭക്ഷ്യകിറ്റു പദ്ധതിയുമായി എല്‍.ഡി.എഫ് ഭരിക്കുന്ന നിലമ്പൂര്‍ നഗരസഭ. 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മാസം തോറും ഭക്ഷ്യ കിറ്റ് സൗജന്യമായി വീട്ടില്‍ എത്തിക്കാനാണ് പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ പരീക്ഷിച്ച, വോട്ടു തട്ടാനുള്ള കിറ്റ് തന്ത്രം ഇടതുമുന്നണി നിലമ്പൂരിലും ആവര്‍ത്തിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.
◾ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരായ ഖാലിദ് റഹ്‌മാന്‍,അഷ്റഫ് ഹംസ എന്നിവര്‍ പിടിയിലായി. എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ കൊച്ചിഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റില്‍ നിന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.
◾ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകര്‍ പിടിയിലായ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഫിലിം ചേംബര്‍. ലഹരിക്കെതിരെ സിനിമ സെറ്റുകളില്‍ റെയ്ഡ് നടത്തണമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് വ്യക്തമാക്കി. സിനിമയില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവര്‍ത്തകരാണെന്നും മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നതെന്നും സിനിമയില്‍ ശുദ്ധീകരണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
◾ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകര്‍ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയ്ക്കുമെതിരെ നടപടിയെടുത്ത് ഫെഫ്ക. ഇരുവരെയും സസ്പെന്‍ഡ് ചെയ്തതായി ഡയറക്ടേഴ്സ് യൂണിയന്‍ അറിയിച്ചു. കേസ് അന്വേഷണ പുരോഗതി അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ലഹരിയില്‍ വലുപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ നേരത്തെ അറിയിച്ചിരുന്നു.
◾ സിനിമ മേഖലയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാത്ത അപൂര്‍വം ചിലരെ ഉള്ളുവെന്ന് സിനിമ നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. വ്യക്തിപരമായി ആളുകളെ ഇത്തരത്തില്‍ പിടിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ സിനിമ ഷൂട്ടിങ് ലോക്കേഷനില്‍ വന്ന് പരിശോധന നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ഷൂട്ടിങ് മുടങ്ങിയാല്‍ കോടികളുടെ നഷ്ടമാണുണ്ടാകുകയെന്നും ഒരു ദിവസത്തെ ഷൂട്ടിങ് മുടങ്ങിയാല്‍ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ സിനിമാ കുടുംബത്തില്‍പ്പെട്ട ഒരു പ്രമുഖ നടനും അയാളുടെ ഭാര്യയും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ തന്നെ വെളിപ്പെടുത്തിയതാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സിനിമാ മേഖലയില്‍ എല്ലായിടത്തും ലഹരി ഒഴുകുന്നുണ്ടെന്നും എക്സൈസും പൊലീസും സംയുക്തമായി പരിശോധന നടത്തിയാല്‍ മാത്രമേ ലഹരി വ്യാപനം തടയാന്‍ കഴിയൂ എന്നും ലഹരി ഉപയോഗിക്കുന്നവരെ സിനിമയില്‍ നിന്ന് മാറ്റി നിറുത്തണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.
◾ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍ ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലിമയ്ക്ക് ജിന്റോയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണോ സാമ്പത്തിക ഇടപാട് എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്.
◾ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലെ അത്താഴ വിരുന്നില്‍ നിന്ന് പിന്മാറി കേരള-ബംഗാള്‍-ഗോവ ഗവര്‍ണര്‍മാര്‍. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസ് നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കെ ഡിന്നര്‍ വിവാദമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്നാണ് വിവരം. രാജ്ഭവനില്‍ കുടുംബ സമേതം ആഴ്ചകള്‍ക്ക് മുമ്പ് എത്തിയായിരുന്നു മുഖ്യമന്ത്രി രാജേന്ദ്ര ആര്‍ലേക്കറെ ക്ഷണിച്ചിരുന്നത്.
◾ തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി. മാനേജറുടെ ഇ_മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ കളക്ടറേറ്റുകളില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.
◾ വിഴിഞ്ഞത്തിനടുത്ത കരുംകുളം പഞ്ചായത്തില്‍ പുറമ്പോക്ക് ഭൂമിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ മണ്ണടിക്കുന്നതിനെ ചൊല്ലി നാട്ടുകാരുടെ ചേരി തിരിഞ്ഞുള്ള തര്‍ക്കം ക്രമസമാധാന പ്രശ്നമായി മാറി. വെള്ളക്കെട്ട് മൂലം സൈ്വര്യമായി ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മണ്ണടിക്കുന്നത് ഒരു ക്ലബിന് ഭൂമി കൈമാറാനുള്ള ഗൂഢാലോചനയെന്നാണ് മറുപക്ഷത്തിന്റ ആരോപണം.
◾ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്ഥാനുമായി യുദ്ധത്തിന് താന്‍ അനുകൂലമല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെ, വിവാദ പരാമര്‍ശവുമായി മറ്റൊരു മന്ത്രിയും രംഗത്ത്. കൊലയാളികളായ ഭീകരവാദികള്‍ ആളുകളെ വെടിവെക്കുന്നതിന് മുമ്പ് അവരുടെ മതം ചോദിച്ചതായി താന്‍ കരുതുന്നില്ലെന്ന് എക്സൈസ് മന്ത്രി ആര്‍.ബി. തിമ്മാപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. വെടിവയ്ക്കുന്ന ഒരാള്‍ ജാതിയോ മതമോ ചോദിക്കുമോ? അയാള്‍ വെടിവെച്ചിട്ട് പോകും. ഇക്കാര്യത്തില്‍ പ്രായോഗികമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ വിശ്വസ്തനായ സെന്തില്‍ ബാലാജിയെയും അശ്ലീല പരാമര്‍ശത്തിലൂടെ വിവാദത്തിലായ കെ.പൊന്മുടിയെയും ഒഴിവാക്കി, തമിഴ്നാട്ടിലെ സ്റ്റാലിന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കില്‍ കള്ളപ്പണക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതോടെയാണ് ബാലാജിയെ കൈവിടാന്‍ സ്റ്റാലിന്‍ നിര്‍ബന്ധിതനായത്. ബാലാജിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.
◾ ഡല്‍ഹിയില്‍ ചേരിപ്രദേശത്തുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. താത്കാലികമായി കെട്ടിയുണ്ടാക്കിയ ആയിരത്തോളം കുടിലുകളും കത്തിനശിച്ചു. ഡല്‍ഹിയിലെ രോഹിണി സെക്ടറിലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. മൂന്നുമണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
◾ കനേഡിയന്‍ നഗരമായ വാന്‍കൂവറില്‍ ഒരു സ്ട്രീറ്റ് ഫെസ്റ്റിവലിനിടയില്‍ ആള്‍കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലാപു ലാപു ദിനം ആഘോഷിക്കുന്നതിന് ഒത്തുകൂടിയവര്‍ക്കിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ആക്രമണമാണോ അപകടമാണോ സംഭവിച്ചത് എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായി അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ബെംഗളൂരുവിന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നെങ്കിലും 73 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്രുനാല്‍ പാണ്ഡ്യയുടേയും 51 റണ്‍സെടുത്ത വിരാട് കോലിയുടേയും കരുത്തില്‍ വിജയലക്ഷ്യത്തിലെത്തി. ഈ ജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് സാധിച്ചു.
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 54 റണ്‍സിന് തോല്‍പിച്ച് തുടര്‍ച്ചയായ അഞ്ചാം ജയം നേടി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനറങ്ങിയ മുംബൈ 58 റണ്‍സെടുത്ത റയാന്‍ റിക്കെല്‍റ്റണിന്റേയും 54 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും കരുത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനറങ്ങിയ ലക്നൗ 161 റണ്‍സ് നേടുന്നതിനിടയില്‍ എല്ലാവരും പുറത്തായി.
◾ ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് കിരീടം ലിവര്‍പൂളിന് സ്വന്തം. ടോട്ടനത്തെ 5-1 ന് തകര്‍ത്താണ് ചെമ്പടയുടെ തേരോട്ടം. നാലു കളികള്‍ അവശേഷിക്കെ തന്നെ കിരീടം ഉറപ്പിച്ച ലിവര്‍പൂളിന് 34 കളികളില്‍ നിന്ന് 82 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആഴ്സനലിന് 34 കളികളില്‍ നിന്ന് 67 പോയിന്റ് മാത്രമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *