Thursday, May 1, 2025
KERALA NEWSNews SPECIAL

സായാഹ്ന വാർത്താമുദ്ര

◾ പഹല്‍ഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗങ്ങള്‍. പാകിസ്ഥാനെതിരെ സാമ്പത്തിക ഉപരോധമടക്കം കൂടുതല്‍ നടപടികള്‍ക്ക് ഇന്ത്യ ആലോചിക്കുകയാണ്. അതേസമയം പ്രത്യേക പാര്‍ലമെന്റ് സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും.
◾ ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും യുഎന്നിനോട് ആവശ്യപ്പെട്ട് പാകിസ്ഥാന്‍. ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനോട് പാകിസ്ഥാന്‍ ഇടപെടല്‍ തേടിയിരിക്കുകയാണ്. ഇന്ത്യ ഉടന്‍ ആക്രമിക്കുമെന്ന് തെളിവ് കിട്ടിയതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തതുള്ള തരാറും പറഞ്ഞു.
◾ പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയവരെ പരമാവധി ജീവനോടെ പിടിക്കാന്‍ ശ്രമിക്കണമെന്ന് സൈന്യത്തിനും പൊലീസിനും നിര്‍ദേശം. അനന്തനാഗിലെ വനമേഖലയില്‍ തെരച്ചില്‍ നടത്തുന്ന സൈന്യത്തിന്റെ നീക്കവും ഇതേ ലക്ഷ്യത്തോടെയാണ്. ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയവരാണെന്ന് ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ സ്ഥാപിക്കാന്‍ ഇന്ത്യക്ക് ഇതിലൂടെ കഴിയും.
◾ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവദികള്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താവിനിമയ സംവിധാനം. ആശയ വിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോണ്‍ അടക്കം ചൈനീസ് നിര്‍മ്മിതമാണെന്ന് എന്‍ഐഎ കണ്ടെത്തി. പരസ്പരം ആശയവിനിമയം നടത്താന്‍ ചൈനീസ് സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയില്‍ നിരോധിച്ച നിരവധി ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളും, തീവ്രവാദികള്‍ ഉപയോഗിക്കുന്നതായി എന്‍ഐഎ കണ്ടെത്തി.
◾ വിഴിഞ്ഞം പോര്‍ട്ട് കമ്മീഷനിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയും ഗതാഗത നിയന്ത്രണം ഉണ്ടാവും.
◾ വിഴിഞ്ഞം പോര്‍ട്ട് കമ്മീഷനിങ്ങില്‍ കേന്ദ്രത്തിന് നല്‍കിയ പട്ടികയില്‍ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടായിരുന്നെന്നും പട്ടിക പരിശോധിച്ച് വേദിയില്‍ ഇരിക്കുന്നവരുടെ പേരും പ്രസംഗിക്കുന്നവരുടെ പേരും നിര്‍ദേശിക്കുക പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
◾ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്തേക്കില്ല. വിഷയം വിവാദമായപ്പോള്‍ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് കോണ്‍ഗ്രസില്‍ പൊതുവികാരം. അപമാനിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് നിന്നുകൊടുക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
◾ വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായപ്പോള്‍ അതിന്റെ ക്രെഡിറ്റെടുക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി വൈക്കം മുഹമ്മദ് ബഷീറിന്റെ ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്ന കഥാപാത്രത്തെ ഓര്‍മപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആരെങ്കിലും തുടങ്ങിവെച്ച പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രധാന പരിപാടിയെന്നും ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ച് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്ക്ക് തട്ടിയെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
◾ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് പറഞ്ഞ് സര്‍ക്കാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണെന്ന ആരോപണവുമായി കെ. മുരളീധരന്‍. ലഹരിക്കെതിരായ കുട്ടികളുടെ സൂംബ പരിപാടിക്ക് വിതരണം ചെയ്ത ടീ ഷര്‍ട്ടിലെ മുഖ്യമന്ത്രിയുടെ ചിത്രമാണ് വലിയ വിവാദത്തിന് കാരണമായത്. വിദ്യാഭ്യാസ വകുപ്പാണ് പരിപാടിയുടെ സംഘാടകര്‍.
◾ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെയാണ് കേസ് എടുത്തതെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. അതേസമയം ആറ് വര്‍ഷത്തോളം കെ എം ഏബ്രഹാം സ്വത്ത് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താതെയിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.
◾ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് എതിരായ പുലിപ്പല്ല് മാല പരാതിയില്‍ ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് കെ എസ് യു നേതാവ് മുഹമ്മദ് ഹാഷിം. സുരേഷ് ഗോപി പുലിപ്പല്ല് മാല ധരിച്ചത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇന്നലെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നിയമം ഒരുപോലെയൊന്നും ഹാഷിം കൂട്ടിച്ചേര്‍ത്തു.
◾ ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.09 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.02 ശതമാനവും ആണ് വിജയം. കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്‌സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്.
◾ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ്. കുട്ടിയുടെ തലയിലെ മുറിവുകള്‍ക്ക് ആദ്യഘട്ടത്തില്‍ കാര്യമായ ചികിത്സ നല്‍കിയില്ല എന്നാണ് ആരോപണം.
◾ എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആരോഗ്യവകുപ്പ് നീട്ടി. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യന്‍ വിഭാഗം ജീവനക്കാരനായിരുന്ന പ്രശാന്തിനെ നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് ആറുമാസം മുന്‍പാണ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
◾ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഒന്നാം പ്രതി തസ്ലിമ, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി എന്നിവരുടെ ജാമ്യപേക്ഷ തള്ളി. ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്‌സൈസ് പിടികൂടിയത്. കേസില്‍ കണ്ണൂര്‍ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുല്‍ത്താന ഇവരുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്.
◾ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടപടി ക്രമങ്ങള്‍ക്കായി നടനെ വീണ്ടും വിളിച്ചു വരുത്തും. കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
◾ റാപ്പര്‍ വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് മോഹന്‍ലാലിന്റെ കേസില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്ന് വിമര്‍ശനം. 2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറിയിരുന്നു.
◾ റാപ്പര്‍ വേടന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനം. വേടന്റെ ഇന്‍സ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും. പുലിപ്പല്ല് കേസില്‍ വേടനെ വീട്ടിലും ലോക്കറ്റ് നിര്‍മിച്ച ജ്വല്ലറിയിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അതോടൊപ്പം വിവാദങ്ങള്‍ക്കിടെ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയുടെ ആദ്യ ലവ് സോംഗ് റിലീസ് ചെയ്തു. ‘മോണോലോവ’ എന്നാണ് ലവ് സോംഗിന്റെ പേര്.
◾ സിനിമ സംവിധായകരായ ഖാലിദ് റഹ്‌മാനും അഷറഫ് ഹംസയും ഉള്‍പ്പെട്ട കഞ്ചാവ് കേസില്‍ ഫ്‌ളാറ്റുടമ സംവിധായകന്‍ സമീര്‍ താഹിറിന് എക്‌സൈസ് നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. കഞ്ചാവ് സംവിധായകര്‍ക്കു നല്‍കിയ ആളെ പരിചയപ്പെടുത്തിയ ആളെ വിളിച്ച് വരുത്തുമെന്ന് അസിസ്റ്റന്റ്എക്‌സൈസ് കമ്മീഷണര്‍ എംഎഫ് സുരേഷ് പറഞ്ഞു.
◾ കഞ്ചാവ് കേസില്‍ നിന്ന് യു. പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്‌സൈസ്. കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പ്രതിഭയുടെ മകന്‍ കനിവിന്റെ പേരില്ല. ഒമ്പത് പേരായിരുന്നു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. നിലവില്‍ മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.
◾ പോത്തന്‍ കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നെടുമങ്ങാട് എസ്ഇഎസ്ടി കോടതിയുടേതായിരുന്നു വിധി.2021 ഡിസംബര്‍ 11നാണ് കൊലപാതകം നടന്നത്.
◾ ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയ്‌ക്കെതിരായ വ്യാജ ലഹരി കേസിലെ അന്വേഷണം മകനിലേക്കും. സംഭവത്തില്‍ ഷീലയുടെ മകന്‍ സംഗീതിന്റെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്. രണ്ട് തവണ ചോദ്യം ചെയ്യാന്‍ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഗീത് ഹാജരായിട്ടില്ല. ഇന്നലെ ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയയെയും അന്വേഷണ സംഘം പ്രതി ചേര്‍ത്തിരുന്നു.
◾ മംഗളൂരുവില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്‌റഫിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് അഷ്‌റഫ് ആക്രമിക്കപ്പെട്ടതെന്നാണ് ആരോപണം. കേസില്‍ ഇതുവരെ അറസ്റ്റിലായത് 20 പേരാണ്. സംഭവത്തെ തുടര്‍ന്ന് മംഗളൂരുവില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
◾ കുപ്രസിദ്ധ കൊലപാതക കേസുകളിലെ പ്രതിഭാഗം വക്കീലായ അഡ്വ. ബി.എ. ആളൂര്‍ എന്നറിയപ്പെടുന്ന ബിജു ആന്റണി ആളൂര്‍ അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടിയും പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടിയും ഹാജരായത് ആളൂരായിരുന്നു. വിവാദമായ കൂടത്തായി കേസിലും ഇലന്തൂര്‍ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂര്‍.
◾ ഷൂട്ടിങ് പരീശിലകനും ദ്രോണാചാര്യ പുരസ്‌കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. മുന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയായ സണ്ണി തോമസിന്റെ പരിശീലനത്തില്‍ ഇന്ത്യ നേടിയത് നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ്. ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു.
◾ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എക്‌സ്‌പേജില്‍ മോദിക്കെതിരായ വിമര്‍ശന പോസ്റ്റിട്ടത് സമൂഹമാധ്യമ അക്കൗണ്ടുകളുടെ ചുമതലയുള്ള വക്താവ് സുപ്രിയ ശ്രീ നെയ്റ്റ് ആണെന്ന് വിവരം. മോദിയുടെ ശരീരത്തില്‍ തലയുടെ ഭാഗത്ത് ‘ഉത്തരവാദിത്വ സമയത്ത് അദൃശ്യന്‍’ എന്നെഴുതിച്ചേര്‍ത്ത ചിത്രമായിരുന്നു കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടില്‍ പങ്കുവെച്ചത്. ഇതോടെ സുപ്രിയക്ക് ശക്തമായ താക്കീത് നല്‍കി കോണ്‍ഗ്രസ് നേതൃത്വം പോസ്റ്റ് പിന്‍വലിപ്പിക്കുകയായിരുന്നു.
◾ പ്രധാനമന്ത്രിയെ കാണാനില്ലെന്ന് പരിഹസിച്ച കോണ്‍ഗ്രസിനെതിരെ ഇന്ത്യ സഖ്യകക്ഷികള്‍. നരേന്ദ്ര മോദി എവിടെയും പോയിട്ടില്ല, ദില്ലിയില്‍ തന്നെയുണ്ടെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പറഞ്ഞു. മതിയായ ഇടപെടലുകള്‍ മോദി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനം ഈ ഘട്ടത്തില്‍ അംഗീകരിക്കാവുന്നതല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും വ്യക്തമാക്കി. വൃത്തികെട്ട രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്നും രാജ്യം ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് വകതിരിവ് കാണിക്കണമെന്ന് മായാവതിയും ആവശ്യപ്പെട്ടു.
◾ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ വ്യാപക പോസ്റ്ററുകള്‍. തീവ്രവാദികളുടെ കൂട്ടാളിയെന്നെഴുതിയ പോസ്റ്ററുകളാണ് വ്യാപകമായി പതിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെയുള്ള കോണ്‍ഗ്രസ് വിമര്‍ശനത്തിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഇന്ന് അമേഠി സന്ദര്‍ശിക്കാനിരിക്കേയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
◾ ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ക്കെട്ട് തകര്‍ന്നുവീണ് എട്ടുമരണം. വിശാഖപട്ടണത്തെ ശ്രീ വരാഹലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിലെ ചന്ദനോത്സവത്തോട് അനുബന്ധിച്ച് ദര്‍ശനത്തിനായി വരിനിന്നവരുടെ മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. പുലര്‍ച്ച 2:30 ഓടെയാണ് അപകടം ഉണ്ടായത്. പുതുതായി പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ 20 അടി നീളമുള്ള മതിലാണ് ഇടിഞ്ഞുവീണത്. പ്രദേശത്തുണ്ടായ ശക്തമായ മഴയില്‍ കുതിര്‍ന്നാണ് മതില്‍ ഇടിഞ്ഞുവീണത് എന്നാണ് പ്രാഥമിക വിവരം.
◾ പശ്ചിമബംഗാളിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ക്ക് ദാരുണാന്ത്യം. 14 മൃതശരീരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ വര്‍മ പ്രതികരിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
◾ പാകിസ്ഥാന്‍ പ്രതിനിധികള്‍ക്ക് വേദിയൊരുക്കിയ ഹാര്‍വാര്‍ഡ് സര്‍വകലാശാല നടപടിക്കെതിരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പാകിസ്ഥാനെക്കുറിച്ചുള്ള സെമിനാറില്‍, പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ഉയര്‍ത്തിയത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 84.72, പൗണ്ട് – 113.29, യൂറോ – 96.33, സ്വിസ് ഫ്രാങ്ക് – 102.58, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.15, ബഹറിന്‍ ദിനാര്‍ – 224.80, കുവൈത്ത് ദിനാര്‍ -276.52, ഒമാനി റിയാല്‍ – 220.07, സൗദി റിയാല്‍ – 22.59, യു.എ.ഇ ദിര്‍ഹം – 23.06, ഖത്തര്‍ റിയാല്‍ – 23.25, കനേഡിയന്‍ ഡോളര്‍ – 61.25.

Leave a Reply

Your email address will not be published. Required fields are marked *