Tuesday, February 4, 2025
News SPECIAL

പ്രഭാത വാർത്താമുദ്ര

2023 | ഓഗസ്റ്റ് 20 | ഞായർ | 1199 | ചിങ്ങം 04 | അത്തം

◾ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കാലത്ത് അഞ്ചു കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ്. അരി സപ്ളൈകോ സ്‌കൂളുകളില്‍ എത്തിക്കും. 29.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഗുണഭോക്താക്കള്‍. ഓഗസ്റ്റ് 24 നകം വിതരണം പൂര്‍ത്തിയാക്കും.
◾വിദ്യാഭ്യാസ വകുപ്പിലെ ഫയലുകളില്‍ സമയാസമയം തീര്‍പ്പുണ്ടാക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ പ്രത്യേക ഡ്രൈവ് നടത്തുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓരോ വിഭാഗത്തിലും അസാധാരണ രീതിയില്‍ ഫയലുകള്‍ തീര്‍പ്പാകാതെ കിടപ്പുണ്ടോയെന്നു പരിശോധിക്കും. വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
◾ബിവറേജസ് കോര്‍പറേഷന് ലോട്ടറിയടിച്ചു. 2019 ല്‍ ഇന്‍കം ടാക്‌സ് പിടിച്ചെടുത്ത 1,150 കോടി രൂപ ബിവറേജ്‌സ് കോര്‍പ്പറേഷന്‍ തിരികെ ലഭിക്കും. കോര്‍പ്പറേഷന്‍ സിഎംഡി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപെടലാണ് തുക തിരിച്ചുകിട്ടാന്‍ കാരണമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
◾ഇന്ന് അത്തം. അത്തപ്പൂക്കളം ഒരുക്കാന്‍ പൂവിപണി ഉണര്‍ന്നു. പൂക്കളും ഓണക്കോടിയും മറ്റും വാങ്ങാന്‍ ഇന്നലെ നല്ല തിരക്കായിരുന്നു. വാഹനബാഹുല്യംമൂലം പലയിടത്തും ഗതാഗതക്കുരുക്കും ഉണ്ടായി.
◾സംസ്ഥാനത്തു കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ട്രഷറി ഇടപാടുകള്‍ക്കു കര്‍ശന നിയന്ത്രണം. അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ പാസാക്കുന്നതു വിലക്കി. ധനവകുപ്പാണു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

◾മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി കൊച്ചിന്‍ മിനറല്‍സില്‍നിന്ന് കൂടുതല്‍ പണം വാങ്ങിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആദായനികുതി വകുപ്പു കണ്ടെത്തിയ 1.72 കോടി രൂപയ്ക്കു പുറമേ, കൊച്ചിന്‍ മിനറല്‍സ് കമ്പനി ഉടമയുടെ ഭാര്യയില്‍നിന്ന് 39 ലക്ഷം രൂപ കടമെന്ന പേരിലും വാങ്ങി. വാങ്ങിയ 1.72 കോടി രൂപയ്ക്കു നികുതി അടച്ചെങ്കില്‍ ജിഎസ്ടി രേഖ പുറത്തുവിടണം. വീണയ്ക്കു ലഭിച്ചതു പൊളിറ്റിക്കല്‍ ഫണ്ടിംഗ് ആണ്. കമ്പനിയുടെ സെക്യൂരിറ്റി ഏജന്‍സിയായി സിപിഎമ്മും ചീഫ് സെക്യൂരിറ്റി ഓഫീസറായി പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മാറി. മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
◾മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന തുടങ്ങി. കൊച്ചി ഇഡി ഓഫിസില്‍ ലഭിച്ച പരാതികളിലാണു പരിശോധന തുടങ്ങിയത്.
◾സോളാര്‍ പീഡന കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. റിപ്പോര്‍ട്ട് തള്ളണമെന്ന പരാതിക്കാരിയുടെ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളുകയായിരുന്നു.
◾ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ്.
◾കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ ഹണിട്രാപ്പില്‍ പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. സിദ്ധിഖിന്റെ ഹോട്ടലിലെ മുന്‍ജീവനക്കാരനായ മുഹമ്മദ് ഷിബിലും സുഹൃത്തുക്കളായ ഫര്‍ഹാനയും ആഷിഖും ചേര്‍ന്നാണ് കവര്‍ച്ചയും കൊലപാതകവും നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
◾താനൂരിലെ കസ്റ്റഡി മരണത്തില്‍ മൃതദേഹത്തിലെ പരിക്കുകള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടുണ്ടെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ ഹിതേഷ്. പോസ്റ്റുമാര്‍ട്ടത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ വീഡിയോഗ്രാഫി ചെയ്തിട്ടുണ്ട്. താന്‍ ഒറ്റയ്ക്കല്ല, മൂന്നു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പോസ്റ്റുമാര്‍ട്ടം ചെയ്തത്. താന്‍ പോലീസിനെതിരേ മനപൂര്‍വം റിപ്പോര്‍ട്ടുണ്ടാക്കിയതാണെന്ന പോലീസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ വന്ദേഭാരതില്‍ ആദ്യ യാത്ര നടത്തി. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കാണ് യാത്ര ചെയ്തത്. യാത്രയോടനുബന്ധിച്ച് കോച്ചുകളില്‍ പൊലീസ് വന്‍ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തി. ട്രാക്കുകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി.
◾വനിതാ ടിടിഇയെ മര്‍ദ്ദിച്ച യാത്രക്കാരന്‍ വടകര സ്വദേശി റൈരുവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളുരു -ചെന്നൈ എക്സ്പ്രസില്‍ ടി ടി ഇ രജിതയ്ക്കാണു മര്‍ദ്ദനമേറ്റത്.
◾എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇന്നു മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന വത്തിക്കാന്‍ പ്രതിനിധിയുടെ കത്തിനു കോടതി സ്റ്റേ നല്‍കിയില്ല. ഇതോടെ ഇന്നു എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന നടത്തും.