താമരശ്ശേരിയിലെ ജ്വല്ലറി കവർച്ച മുഖ്യപ്രതി പിടിയിൽ
താമരശ്ശേരി:
താമരശ്ശേരി ടൗണിലെ റന ഗോൾഡ്, ഈങ്ങാപ്പുഴയിലെ കുന്നുമ്മൽ ജ്വല്ലറി എന്നീ ജ്വല്ലറികളിൽ കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. പൂനൂർ
പാലം തലക്കൽ നവാഫ് (27) നെ ഇന്ന് പുലർച്ചെ ഇയാൾ ഇപ്പോൾ താമസിക്കുന്ന താമരശ്ശേരി പള്ളിപ്പുറം വാടകകോർട്ടേഴ്സിൽ നിന്നും കോഴിക്കോട് റൂറൽ എസ്.പി. ഡോ. അർവിന്ദ് സുകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ജനുവരി 24.ന് പുലർച്ചെ ഒരു മണിക്കും അഞ്ചരക്കും ഇടയിലാണ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും നൂറുമീറ്റർ മാത്രം അകലെയുള്ള റന ഗോൾഡിന്റെ
ചുമർ തുരന്ന് ഉള്ളിൽ കയറിയ കവർച്ച സംഘം സി സി ടി വി ക്യാമെറയിൽ പെയിന്റ് സ്പ്രേ ചെയ്ത ശേഷം ലോക്കർ മുറിച്ച് 45 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കളവ് നടത്തിയത്. നാല് മണിക്കൂറോളം ജ്വല്ലറി ക്കുള്ളിൽ ചിലവഴിച്ചാണ് പ്രതികൾ കളവ് നടത്തിയത്. താമരശ്ശേരി മുതൽ കോഴിക്കോട്, കൊണ്ടോട്ടി വരെ 100 ഓളം സി.സി.ടി.വി. ക്യാമറകൾ പോലീസ് പരിശോധിച്ചുവെങ്കിലും ആദ്യം പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല.
തുടർന്ന് താമരശ്ശേരിയിൽ
തന്നെയുള്ള മുൻകുറ്റവാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിനിടെ നവാഫിന്റെ കുടുംബം താമരശ്ശേരിയിൽ വാടകക്ക് താമസിക്കുന്നതായി പോലീസ് മനസിലാക്കുന്നത്. വാടകക്ക് താമസിക്കുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ പ്രതി പെട്ടെന്ന് വീട് ഒഴിഞ്ഞു പോയതും സംശയത്തിനിടയാക്കി.
നവാഫും ഭാര്യയും കൊടുവള്ളി പറക്കുന്ന് എന്ന സ്ഥലത്തും സഹോദരന്മാരും ഉമ്മയും താമരശ്ശേരി ടൗണിലും ഉള്ള
കോർട്ടേഴ്സിലുമാണ് വാടകക്ക് താമസിച്ചിരുന്നത്. ഇയാളും സഹോദരൻ നിസാറും മറ്റൊരു സുഹൃത്തും ചേർന്നാണ് കവർച്ച നടത്തിയത്.
ഡിസംബർ 28-ന് രാത്രിയാണ് ഇതേ സംഘം
ഈങ്ങാപ്പുഴയിലുള്ള കുന്നുമ്മൽ ജ്വല്ലറിയുടെ പിൻഭാഗം ചുമർ തുരന്നു ഉള്ളിൽ കയറിയത്. ലോക്കർ തകർക്കാൻ കഴിയാത്തതിനാൽ 500 ഗ്രാം വെള്ളി ആഭരണങ്ങളും പതിനായിരം രൂപയും കവർച്ച ചെയ്യുകയായിരുന്നു.
റന ഗോൾഡിൽ കവർച്ച ചെയ്ത 157 ഗ്രാമോളം സ്വർണ്ണം പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു.
2020-ൽ താമരശ്ശേരിയിൽ മൊബൈൽ ഫോൺ മോഷണം നടത്തിയതിനു നവാഫ് ഒരു മാസം ജയിലിൽ കിടന്നിരുന്നു.
ഇയാളും സഹോദരനും ചേർന്ന് താമരശ്ശേരി കൊരങ്ങാട് എന്ന സ്ഥലത്ത് കെ പി ചിപ്സ് എന്ന കട നടത്തുകയാണ്.
പെട്ടെന്ന് പണം ഉണ്ടാക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനും
വേണ്ടിയാണു കളവ് നടത്തിയത്.
രണ്ടാഴ്ചക്കുള്ളിൽ താമരശ്ശേരി പോലീസ് സ്റ്റേഷന് തൊട്ടടുത്തു നടന്ന കവർച്ചയിലെ മുഖ്യപ്രതിയെ പിടികൂടിയത് പോലീസിന് അഭിമാനർഹമായ നേട്ടമായി.
താമരശ്ശേരി ഡി വൈ എസ് പി. പി.പ്രമോദിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർമാരായ പ്രദീപ് .കെ.ഒ, സായൂജ് കുമാർ.എ,, എസ് ഐ മാരായ ജിതേഷ് കെ.എസ്, രാജീവ് ബാബു,ബിജു.പി, ഷിബിൽ ജോസഫ്, ഷാജി. പി,,എ എസ് ഐ മാരായ അഷ്റഫ്. വി,, സജീവ്. ടി,, ശ്രീജിത്ത്. എസ്.ഡി,,ഹരിദാസൻ., സീനിയർ സി.പി.ഒ.മാരായ
ജയരാജൻ എൻ.എം,, ജിനീഷ്.പി.പി,, അജിത്.
കെ. കെ,,സിൻജിത്.കെ,,ഷൈജു, ഷിനോജ്.പി പി,,രാകേഷ്, സൈബർ സെൽ
അംഗങ്ങളായ എസ് ഐ സത്യൻ കാരയാട്,, ശ്രീജിത്ത്, റിജേഷ്,നൗഷാദ്. ടി,, ഷിബിൻ,ജുറൈ ജ്,, ലിനീഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്