സായാഹ്ന വാർത്താമുദ്ര
25-07-2024
◾ സംസ്ഥാനത്തെ സെക്രട്ടേറിയറ്റില്‍ രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയല്‍ നീക്കം പൂര്‍ണമായും നിലച്ചു. ഇതു കാരണം ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല. ഒന്നരമാസം മുമ്പാണ് ഇ-ഫയലിംഗ് സംവിധാനത്തില്‍ പുനക്രമീകരണം കൊണ്ടുവന്നത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഇ-ഓഫീസ് പൂര്‍ണമായും പണിമുടക്കിയതിനാല്‍ ഇ-ഫയലുകള്‍ തുറക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിനെ വിവരമറിയിച്ചെങ്കിലും രണ്ടു ദിവസമായിട്ടും എന്താണ് പ്രശ്നമെന്ന് കണ്ടെത്താന്‍ പോലും എന്‍.ഐ.സിക്ക് കഴിഞ്ഞിട്ടില്ല.
◾ കര്‍ണാടകയിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ അതി നിര്‍ണായക ഘട്ടത്തിലേക്ക്. ഗംഗാവലി നദിയില്‍ ഐ ബോഡ് പരിശോധന തുടങ്ങി. എന്നാല്‍ പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയില്‍ ഇറങ്ങാന്‍ കഴിയുന്നില്ലെന്ന് നാവികസേന വ്യക്തമാക്കി. ട്രക്കിന്റെ ക്യാബിന്‍ കണ്ടെത്താന്‍ ഡ്രോണ്‍ പറത്തി പരിശോധന തുടരുകയാണ്. പുഴയിലുള്ള ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാനായെന്നാണ് സൂചന. അതേസമയം മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.
◾ അധിക്ഷേപകരമായ വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ച് അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പരാതിയില്‍ പറഞ്ഞിരിക്കുന്ന സോഷ്യല്‍ മീഡിയയിലെ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്. വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാര്‍ത്തകള്‍ നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. കോഴിക്കോട് സൈബര്‍ സെല്ലിലാണ് കുടുംബം പരാതി നല്‍കിയത്.
◾ കര്‍ണാടകത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ എത്രയോ ആളുകളെ ഇതുവരെ കണ്ടെത്തിയിട്ടിയില്ലെന്നത് നമ്മള്‍ മറന്നു പോകുന്നുവെന്നും സതീശന്‍ പറഞ്ഞു. മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്താണ് ശ്രമകരമായ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതെന്നും ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നമ്മള്‍ പ്രാര്‍ത്ഥിച്ച പോലെ കര്‍ണാടകത്തിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നമ്മള്‍ പ്രാര്‍ത്ഥിക്കണമെന്നും സതീശന്‍ പറഞ്ഞു.
◾ ഐ.എന്‍.ടി.യു.സി നേതാവായിരുന്ന രാമഭദ്രന്‍ വധകേസിലെ 18 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. നാല് പേരെ വെറുതെ വിട്ടു. കൊലപാതകം , ഗൂഡാലോചന , ആയുധം കൈയില്‍ വയ്ക്കുക എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. 2010 ഏപ്രില്‍ 10 നാണ് വീട്ടിനുള്ളില്‍ കയറി രാമഭദ്രനെ വെട്ടികൊലപ്പെടുത്തിയത്. വെറുതെ വിട്ട പ്രതികളില്‍ ജയമോഹന്‍ സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. തിരുവനന്തപുരം സിബി ഐ കോടതി ഈ മാസം 30 ന് ശിക്ഷ വിധിക്കും.
◾ ഇടുക്കിയില്‍ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സിയും തമ്മിലുള്ള പോര് മുറുകുന്നു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പുറത്താക്കിയ മണ്ഡലം കമ്മറ്റി പ്രസിഡന്റിനെ രണ്ട് മണിക്കൂറിനകം കെ.പി.സി.സി തിരിച്ചെടുത്തു. മുട്ടം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഷൈജ ജോമോനെയാണ് ഡിസിസി മാറ്റിയത്. കെപിസിസിയുടെ അനുമതിയില്ലാതെയാണ് ഷൈജയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കെപിസിസി ഇക്കാര്യം അറിയുന്നതെന്നും കെപിസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
◾ തിരുവനന്തപുരം മംഗലപുരത്ത് ജനവാസ കേന്ദ്രത്തില്‍ കണ്ടെത്തിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു. പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. വെടികൊണ്ട് വിരണ്ടോടിയ പോത്ത് തെന്നൂര്‍ ദേവീക്ഷേത്രത്തിനു സമീപം മയങ്ങി വീണു. . ടെക്നോസിറ്റി ക്യാമ്പസിന് പുറകുവശത്തെ കാടുപിടിച്ച പറമ്പില്‍ ഇന്നലെ രാത്രിയാണ് കാട്ടുപോത്ത് എത്തിയത്.
◾ മലപ്പുറം പുളിക്കല്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 102 പേര്‍ക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചു. 59 വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ എ എം യു പി സ്‌കൂള്‍ ഈ മാസം 29 വരെ അടച്ചു. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചത്.
◾ കണ്ണൂര്‍ കോട്ടയിലെത്തിയ സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി.
◾ കോട്ടയം പോളയത്തോട് വാഹനാപകടത്തില്‍ 8 വയസ്സുകാരന് ദാരുണാന്ത്യം. ദേവമാത സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി വിശ്വജിത്താണ് മരിച്ചത്. സ്‌കൂട്ടറില്‍ കുടുംബത്തോടൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപെട്ട് വിശ്വജിത്ത് നിലത്തുവീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് ദേഹത്ത് കയറിയിറങ്ങിയാണ് അപകടമുണ്ടായത്.
◾ വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെനാളായി വിവിധ ആരോഗ്യപ്രശ്നങ്ങളുളള ആളായിരുന്നു ഫാദര്‍ ജോസഫ് എന്നും ഇതിനുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾ ഇഷ്ടമില്ലാത്ത വിവാഹം നടത്തിയതിന് സഹോദരഭാര്യയെയും ഇവരുടെ രണ്ടുമക്കളെയും കുത്തിക്കൊന്നശേഷം ടെക്കി യുവാവ് ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ തിരുപ്പതി മുനിറെഡ്ഡി നഗറിലായിരുന്നു സംഭവം. മുനിറെഡ്ഡി നഗര്‍ സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ മോഹന്‍ ആണ് സഹോദരന്‍ ദോസ്സിന്റെ ഭാര്യ സുനിത, മക്കളായ ദേവിശ്രീ, നീരജ എന്നിവരെ കൊലപ്പെടുത്തിയത്. ഇതിനുശേഷം മോഹന്‍ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. മോഹന് ഇഷ്ടമില്ലാതെയാണ് മൂത്തസഹോദരനായ ദോസ്സും കുടുബംവും ഇയാളുടെ വിവാഹം നടത്തിയത്.
◾ പുണെയില്‍ കനത്ത മഴ. നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ജനജീവിതം താറുമാറായി. വിവിധ സംഭവങ്ങളില്‍ വൈദ്യുതാഘാതമേറ്റ് മൂന്നുപേരടക്കം നാല് മരണവും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
◾ മദ്യനയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. സിബിഐ കേസിലാണ് നടപടി. ആഗസ്റ്റ് 8 വരെയാണ് അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. മനീഷ് സിസോദിയ, ബി ആര്‍ എസ് നേതാവ് കെ കവിത എന്നിവരുടെ കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്.
◾ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ലോക്‌സഭയിലെ എം.പിമാര്‍ ശ്രദ്ധ ഊന്നേണ്ട വിഷയങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കി രാഹുല്‍ഗാന്ധി. ബജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ച സംസ്ഥാനങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ സംസാരിക്കരുതെന്നാണ് രാഹുലിന്റെ പ്രധാന നിര്‍ദേശം. അവഗണിക്കപ്പെട്ട സംസ്ഥാനങ്ങളെക്കുറിച്ചായിരിക്കണം സംസാരിക്കേണ്ടതെന്നും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ തിരിച്ചടിയാവുന്ന പരാമര്‍ശങ്ങള്‍ക്ക് ഇടനല്‍കരുതെന്നും രാഹുല്‍ വ്യക്തമാക്കി.
◾ നീറ്റ് യുജിയില്‍ പുനഃപരീക്ഷ വേണ്ടെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എന്‍ടിഎ പുതിയ നീറ്റ് യുജി മെറിറ്റ് ലിസ്റ്റ് പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. എന്നാല്‍ പുതുക്കിയ റാങ്ക് പട്ടികയില്‍ 44 പേര്‍ക്ക് ഒന്നാം റാങ്ക് നഷ്ടമാകും. വിദ്യാഭ്യാസ മന്ത്രി എന്‍ടിഎ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ചര്‍ച്ച ചെയ്തു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. നിലവില്‍ ഒന്നാം റാങ്കുള്ള പലരും 88ആം സ്ഥാനം വരെ പിന്നോട്ട് പോകാന്‍ സാധ്യതയുണ്ട്.
◾ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ യുപി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ആഗസ്റ്റില്‍ വീണ്ടും നടത്തും. 60244 ഒഴിവുകളിലേക്കാണ് നിയമനം. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക ആഗസ്റ്റ് 23, 24, 25, 30, 31 തിയ്യതികളിലാണ്. ഓരോ ഷിഫ്റ്റിലും അഞ്ച് ലക്ഷം പേര്‍ പരീക്ഷയെഴുതും. ഉത്തര്‍പ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്റ് ആന്‍ഡ് പ്രൊമോഷന്‍ ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.
◾ തന്റെ വീടിന് പുറത്ത് നടന്ന വെടിവെയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ മൊഴി പുറത്ത്. ഏപ്രില്‍ 14 ന് പുലര്‍ച്ചെയാണ് സല്‍മാന്‍ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. പുലര്‍ച്ചെ ഉറങ്ങുന്ന സമയത്ത് പടക്കം പോലെയുള്ള ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നും, തന്നെയും കുടുംബത്തെയും വധിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും സല്‍മാന്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
◾ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ജിദ്ദ ചരിത്രമേഖല ഇടം പിടിച്ചതിന്റെ 10-ാം വാര്‍ഷികം സൗദി അറേബ്യ വിപുലമായി ആഘോഷിക്കും. സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജിദ്ദ ഹിസ്റ്റോറിക് പ്രോഗ്രാമാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ജിദ്ദ ചരിത്ര മേഖലയുടെ സാംസ്‌കാരികവും നഗരപരവുമായ പൈതൃകം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ വിഷന്‍ 2030ന് അനുസൃതമായി ആഗോള പൈതൃക കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോഗ്രാമിന് കീഴില്‍ തുടരുകയാണെന്ന് ചരിത്ര മേഖല പ്രോഗ്രാം അധികൃതര്‍ പറഞ്ഞു.
◾ പുതിയ തലമുറക്ക് ദീപം കൈമാറാനുള്ള സമയമായെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്തെയും പാര്‍ട്ടിയേയും ഒന്നിപ്പിക്കാനാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഉറച്ച നിലപാടുള്ള, കഴിവുള്ളയാളാണ് തനിക്കുപകരം സ്ഥാനാര്‍ഥിയാകാന്‍ തെരഞ്ഞെടുത്ത വൈസ് പ്രസിഡന്റ് കമല ഹാരിസെന്നും ബൈഡന്‍ വ്യക്തമാക്കി. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും സ്വേച്ഛാധിപതികള്‍ ഭരിച്ച സമയത്തേക്കാള്‍ ശക്തമായ അവസ്ഥയിലാണ് അമേരിക്കയെന്നും ബൈഡന്‍ വ്യക്തമാക്കി.
◾ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതപരമല്ലാതെ സംസ്‌കരിച്ചതില്‍ മുസ്ലീം സമുദായത്തോട് മാപ്പ് പറയുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. മുസ്ലിംങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മതപരമായ അവകാശങ്ങള്‍ നിഷേധിച്ച് മൃതദേഹം സംസ്‌കരിക്കുന്നതിന് 2020-ല്‍ പുറപ്പെടുവിച്ച നിര്‍ബന്ധിത ഉത്തരവ് കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ പിന്‍വലിച്ചിരുന്നു. സംഭവത്തില്‍ മുസ്ലീം സമുദായത്തോട് മാപ്പ് പറയാനുള്ള നിര്‍ദേശം ശ്രീലങ്കന്‍ കാബിനറ്റ് തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ അംഗീകരിച്ചതായി അറിയിച്ചു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.68, പൗണ്ട് – 107.92, യൂറോ – 90.78, സ്വിസ് ഫ്രാങ്ക് – 95.11, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.70, ബഹറിന്‍ ദിനാര്‍ – 222.04, കുവൈത്ത് ദിനാര്‍ -273.82, ഒമാനി റിയാല്‍ – 217.41, സൗദി റിയാല്‍ – 22.31, യു.എ.ഇ ദിര്‍ഹം – 22.78, ഖത്തര്‍ റിയാല്‍ – 22.93, കനേഡിയന്‍ ഡോളര്‍ – 60.53.