പ്രഭാത വാർത്താമുദ്ര
2025 | ജനുവരി 23 വ്യാഴം
1200 | മകരം 10 വിശാഖം
1446 l റജബ് 22
◾ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല. മാര്‍ച്ചില്‍ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം സ്‌കൂളുകള്‍ സ്വന്തം അക്കൗണ്ടില്‍ നിന്നെടുക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം. മാര്‍ച്ച് മൂന്നിനാണ് പരീക്ഷ തുടങ്ങുന്നത്. അക്കൗണ്ടില്‍ തുകയില്ലെന്നാണ് ഉത്തരവില്‍ നല്‍കുന്ന വിശദീകരണം. അതേസമയം സര്‍ക്കാര്‍ പൊതുപരീക്ഷകള്‍ക്കായി കുട്ടികളില്‍ നിന്ന് ഈടാക്കുന്ന പ്രത്യേകം ഫീസ് ഡയറക്ടറേറ്റിന്റെ ഹെഡ് ഓഫ് അക്കൗണ്ടിലാണ് വരികയെന്നും എന്നിട്ടും പരീക്ഷ നടത്തിപ്പിനായി പണം തികയില്ല എന്ന് പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും ചില അധ്യാപകര്‍ ആരോപിച്ചു.
◾ പാലക്കാട് ജില്ലയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വീഡിയോ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും കുട്ടികളെ ശിക്ഷിച്ച് പരിഹരിക്കാവുന്നതല്ല പ്രശ്‌നങ്ങളെന്നും പറഞ്ഞ മന്ത്രി നിലവിലുള്ള ഉത്തരവ് പ്രകാരം ക്ലാസ് മുറിയിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടു വരാന്‍ അനുവാദമില്ലെന്നും അധ്യാപകര്‍ ചെയ്തത് നിലവിലുള്ള ഉത്തരവ് പാലിക്കുക എന്നതാണെന്നും സാധാരണ രീതിയില്‍ കുട്ടികളില്‍ നിന്നും പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
◾ പ്ലസ് വണ്‍ വിദ്യാത്ഥി അധ്യാപകനെതിരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ വിശദീകരണവുമായി ആനക്കര സ്‌കൂള്‍ പ്രിന്‍സിപ്പല്‍. ആ വീഡിയോ പ്രചരിച്ചത് സ്‌കൂളില്‍ നിന്നല്ലെന്നും വിദ്യാര്‍ത്ഥിയുടെ വീഡിയോ പകര്‍ത്തിയത് അച്ഛന് അയക്കാനെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കുട്ടിയുടെ സ്വഭാവത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ആദ്യമേ ഉണ്ടായിരുന്നുവെന്നും കുട്ടിക്ക് ചെയ്ത തെറ്റ് മനസ്സിലായി ക്ഷമ ചോദിച്ചുവെന്നും കുട്ടിക്ക് കൗണ്‍സിലിംഗ് കൊടുക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടറും ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയപ്പോഴാണ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്.
◾ കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകലിന് ഇരയായ സിപിഎം കൗണ്‍സിലര്‍ കലാ രാജു കോലഞ്ചേരി കോടതിയില്‍ രഹസ്യമൊഴി നല്‍കി. ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കല പറഞ്ഞു. മക്കളെ കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവ് കയ്യിലുണ്ടെന്നും കല വെളിപ്പെടുത്തി. സിപിഎമ്മില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും, പുതിയ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് നിലവില്‍ ചിന്തിച്ചിട്ടില്ലെന്നും കല പറഞ്ഞു.
◾ കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്സന്റെ ഔദ്യോഗിക വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിനിടെ വനിതാ കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ കടത്തി കൊണ്ടുപോയത് ഈ വാഹനത്തിലായിരുന്നു. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതിലാണ് നടപടി. നേരെത്തെ നഗരസഭ സെക്രട്ടറിയില്‍ നിന്നുള്‍പ്പെടെ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
◾ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ പണിമുടക്കിനെ നീതീകരിക്കാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. സര്‍ക്കാര്‍ ജീവനക്കാരെയും അവരുടെ ആവശ്യങ്ങളെയും പരിഗണിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ വിമുഖത കാണിക്കില്ലെന്ന് പറഞ്ഞ ടി.പി. രാമകൃഷ്ണന്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്നത് മറന്നു പോകരുതെന്നും ഇപ്പോള്‍ നടക്കുന്നത് വസ്തുതകളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടലാണെന്നും അഭിപ്രായപ്പെട്ടു.
◾ ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം.വിജയന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം കിട്ടുമെന്നും അതിന് ശേഷം തുടര്‍നടപടി ഉണ്ടാവുമെന്നും എന്‍.എം. വിജയന്റെ വീട് സന്ദര്‍ശിച്ച ശേഷം സുധാകരന്‍ പറഞ്ഞു.
◾ എലപ്പുള്ളിയിലെ ബ്രൂവറി അനുമതി സി പി എം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയായി. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മാത്രം മുന്നോട്ട് പോകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം വന്നത് ദോഷം ചെയ്യുമെന്നും വിമര്‍ശനം. ചര്‍ച്ച ചെയ്ത് ആശങ്കകള്‍ പരിഹരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കണമെന്ന് മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെട്ടു.
◾ നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിതെന്നും ആശങ്കകള്‍ പരിഹരിച്ച് എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ ആശങ്ക അറിയിച്ച പ്രാദേശിക നേതാക്കള്‍ക്കാണ് പാര്‍ട്ടി സെക്രട്ടറിയുടെ മറുപടി.
◾ സ്വകാര്യ മദ്യ പ്ലാന്റിന് വെള്ളം കൊടുക്കുന്നതിനെ ന്യായീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കിന്‍ഫ്രയ്ക്ക് നല്‍കിയ വെള്ളം പങ്കിടുന്നതില്‍ തെറ്റില്ലെന്നാണ് മന്ത്രിയുടെ ന്യായീകരണം. ഒരു വ്യവസായ സംരംഭം വരുമ്പോള്‍ അതിനോട് നെഗറ്റീവ് ആയി ഇടപെടേണ്ട കാര്യമില്ലെന്നും തെറ്റിദ്ധരിപ്പിച്ചാണ് മദ്യ നിര്‍മ്മാണ കമ്പനി വെള്ളത്തിന് അനുമതി വാങ്ങിയത് എന്ന സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ പ്രസ്താവന അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
◾ ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കി. ഡോ. രാജേന്ദ്രനെ ഡി എച്ച്സിലേക്കും മാറ്റി. ഡോ. രാജേന്ദ്രന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആയാണ് നിയമനം. ഇരുവരും ഒരേ സമയം ഡിഎംഒ ആയി ഓഫീസില്‍ തുടര്‍ന്നത് നേരത്തെ വിവാദമായിരുന്നു.
◾ സി.പി.എമ്മിനെതിരെയുള്ള കാന്തപുരത്തിന്റെ വിമര്‍ശനത്തെ പിന്തുണച്ച് മുസ്ലീം ലീഗ്. മത പണ്ഡിതന്മാര്‍ മതകാര്യം പറയുമ്പോള്‍ സി.പി.എം എന്തിനാണ് അതില്‍ ഇടപെടുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ചോദിച്ചു. സി പി എം പൊളിറ്റ് ബ്യൂറോയില്‍ ആകെ ഉള്ളത് ഒരു സ്ത്രീയല്ലേയെന്നും വനിതാ മുഖ്യമന്ത്രിമാര്‍ ഉണ്ടാകുന്നത് സി പി എം തടഞ്ഞെന്നും അഭിപ്രായപ്പെട്ട സലാം, സി പി എം എന്നും സ്ത്രീകള്‍ക്ക് എതിരെന്നും കൂട്ടിച്ചേര്‍ത്തു.
◾ ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സമരത്തില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്‍മാറണമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന റേഷന്‍ വ്യാപാരി സമരം ഗൗരവമായി കാണുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മാറുമ്പോള്‍ പരിഹരിക്കാവുന്നതാണ് കമ്മീഷന്‍ പ്രശ്നമെന്നും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കമ്മീഷനാണ് കേരളത്തില്‍ റേഷന്‍ വ്യാപരികള്‍ക്ക് ഇപ്പോള്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
◾ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ.ബാലന് വിമര്‍ശനം. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ടപ്പോള്‍ എകെ ബാലന്‍ നടത്തിയ നടത്തിയ പുകഴ്ത്തല്‍ പരാമര്‍ശം ഉയര്‍ത്തിയാണ് കേന്ദ്ര കമ്മറ്റിയംഗത്തിനെതിരെ രൂക്ഷ വിമര്‍ശനം ജില്ലാ സമ്മേളനത്തിലുയര്‍ന്നത്. ‘സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ സഖാവാകും’ എന്ന പരാമര്‍ശം വെള്ളം തിളയ്ക്കും മുന്‍പ് അരിയിടുന്നതിന് തുല്യമായെന്നാണ് വിമര്‍ശനം.
◾ വട്ടിയൂര്‍ക്കാവ് ഗവ. എല്‍ പി എസിന് അനധികൃതമായി അവധി നല്‍കിയ സംഭവത്തില്‍ കടുത്ത നടപടി സ്വീകരിച്ച് മന്ത്രി. പ്രഥമാധ്യാപകനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തായി മന്ത്രി അറിയിച്ചു. അനധികൃതമായി ഇത്തരത്തില്‍ അവധി നല്‍കിയതിനെതിരെയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. അധ്യാപകരും ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്ന് വാട്സാപ്പില്‍ സന്ദേശം അയച്ചിരുന്നു.
◾ ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഒന്നു പറയുകയും പ്രതിപക്ഷത്തായാല്‍ മുമ്പ് പറഞ്ഞത് മുഴുവന്‍ വിഴുങ്ങി ജനങ്ങളെയും തൊഴിലാളികളെയും ജീവനക്കാരെയും പറ്റിക്കുന്ന നിലപാടല്ല എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും പങ്കാളിത്ത പെന്‍ഷനും അടക്കമുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് സഭാ നടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസിന് മറുപടി പറയുകയായിരുന്നു ധനകാര്യ മന്ത്രി.
◾ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സിജി ഉണ്ണിയുടെ വിമര്‍ശനത്തിന് മറുപടിയുമായി പി വി അന്‍വര്‍ . സിജി ഉണ്ണിയുടെ വിമര്‍ശനത്തിന് ടി എം സി ദേശീയ നേതൃത്വം മറുപടി പറയുമെന്നും നിലവില്‍ കേരളത്തില്‍ ടി എം സി ക്ക് ഒരു കമ്മിറ്റിയും ഇല്ലെന്നും കേരള കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് താന്‍ മാത്രമാണുള്ളതെന്നും വേറെ ഒരു ഘടകവും നിലവില്‍ കേരളത്തിലില്ലെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ അന്‍വറിന്റെ തറവാട്ടുസ്വത്തല്ല തൃണമൂല്‍ എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് സിജി ഉണ്ണി നടത്തിയത്.
◾ ബെനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ച കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് പി പി ദിവ്യ. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഇന്നലെ നടത്തിയ പത്ര സമ്മേളനത്തില്‍ പി പി ദിവ്യ ബെനാമി കമ്പനിയുമായി ചേര്‍ന്ന് നാല് എക്കര്‍ ഭൂമി വാങ്ങിയെന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തന്റെ ഭര്‍ത്താവ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്ന് ഷമ്മാസ് തെളിയിക്കണമെന്നും ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും പി പി ദിവ്യ വ്യക്തമാക്കി.
◾ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ.സുധാകരനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടൂര്‍ പ്രകാശ്, റോജി എം. ജോണ്‍, ബെന്നി ബെഹനാന്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരുടെ പേരുകളാണ് പകരം പരിഗണിക്കപ്പെടുന്നതെന്നും സൂചനകളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് പുതിയ പ്രസിഡന്റിനെ നിയമിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്.
◾ സംസ്ഥാന സര്‍ക്കാര്‍ 249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി ഉത്തരവിറക്കി. 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.
◾ എറണാകുളം പുത്തന്‍വേലിക്കരയില്‍ സുഹൃത്തിന്റെ മകളായ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സിനിമ മേക്കപ്പ്മാനും പ്രാദേശിക സിപിഎം പ്രവര്‍ത്തകനുമായ സുബ്രഹ്‌മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. ബ്രാഞ്ച് അംഗമായ സുബ്രഹ്‌മണ്യനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
◾ മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തില്‍ 11 മരണം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് സൂചന. പുഷ്പക് എക്‌സ്പ്രസില്‍ തീപിടിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അപായചങ്ങല വലിച്ച് നിര്‍ത്തിയ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ സമീപത്തെ ട്രാക്കിലേക്ക് ഇറങ്ങിയതായിരുന്നു. ഈ സമയം, ആ ട്രാക്കിലൂടെ എത്തിയ കര്‍ണാടക എക്സ്പ്രസ് ഇവര്‍ക്ക് മുകളിലൂടെ കയറിയിറങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിന്നിച്ചിതറിയ മൃതദേങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അപകടത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു.
◾ ഡബിള്‍ ഡെക്കര്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ. പാസഞ്ചര്‍-ഗുഡ്സ് ട്രെയിനുകള്‍ സംയോജിപ്പിച്ച്, മുകളില്‍ യാത്രക്കാരെയും താഴെ ചരക്കുകളും കൊണ്ടുപോകാന്‍ കഴിയുന്ന ട്രെയിനുകളായിരിക്കും അവതരിപ്പിക്കുക. ഇതിനായി ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് രൂപകല്‍പ്പന തയ്യാറാക്കി. ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ സാധ്യതകള്‍ തേടാനും നടപ്പാക്കാനും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റെയില്‍വേ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.
◾ മണിപ്പൂരില്‍ എന്‍ ബിരേന്‍ സിങ് നയിക്കുന്ന ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിന്‍വലിച്ചു. നിതീഷ് കുമാര്‍ അധ്യക്ഷനായ ജെഡിയുവിന് മണിപ്പൂര്‍ നിയമസഭയില്‍ ഒരംഗമാണ് ഉളളത്. പിന്‍മാറ്റം മണിപ്പൂര്‍ സര്‍ക്കാരില്‍ തിരിച്ചടി സൃഷ്ടിക്കില്ലെങ്കിലും കേന്ദ്രത്തിനും ബിഹാറിലും പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പിന്‍മാറ്റം ബിജെപിക്കുളള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തല്‍.
◾ ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ ബൊക്കാറോ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരില്‍ നിന്നും എ കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടികൂടിയതായി സുരക്ഷാ സേന അറിയിച്ചു.