Tuesday, February 4, 2025
CRIMEGENERALKERALA NEWS

കുട്ടികളടങ്ങിയ നാലംഗ വാഹനമോഷണ സംഘം പിടിയിൽ

കുട്ടികൾ അടങ്ങിയ വാഹന മോഷണ സംഘത്ത ഇൻസ്പെക്ടർ ദിനേശ് കോറോത്തിൻ്റെ നേതൃത്വത്തിലുള്ള ബേപ്പൂർ പോലീസും ഫറോക്ക് ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. പള്ളിക്കൽ ബസാറിൽ താമസിക്കുന്ന ഫറോക്ക് പാണ്ടികശാല വീട്ടിൽ മുഹമ്മദ് ഷഹിം (18), പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ എന്നിവരാണ് പിടിയിലായത്. ജനുവരി അഞ്ചാം തിയ്യതി ബേപ്പൂർ ഫെസ്റ്റിനിടെ വിവിധ പാർക്കിംഗ് ഏരിയകളിൽ നിന്നും നാലോളം ബൈക്കുകൾ മോഷണം പോയിരുന്നു. മോഷണം പോയ മൂന്ന് ബൈക്കുകൾ അടുത്ത ദിവസങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ കണ്ടെത്തുന്നതിനായി ഫറോക്ക് ക്രൈം സ്ക്വാഡ് പ്രദേശത്തെ സി.സി.ടി.വി. കൾ പരിശോധിച്ചപ്പോൾ നാലംഗ സംഘമാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. നാല് പേർക്കും ബൈക്ക് എന്ന മോഹവുമായാണ് പ്രതികൾ വാഹന മോഷണം ആസൂത്രണം ചെയ്തതെങ്കില്ലും മൂന്ന് വാഹനങ്ങൾ മെക്കാനിക്കൽ കണ്ടിഷൻ മോശമായതിനാൽ അന്നേ ദിവസം തന്നെ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ഒരു ബൈക്ക് മലപ്പുറം ഭാഗത്തേക്ക് ഓടിച്ച് പോയതായി വ്യക്തമായതിനാൽ മലപ്പുറം, കൊണ്ടോട്ടി ഭാഗങ്ങളിലെ വാട്സപ്പ് ഗ്രൂപ്പുകൾ വഴി മോഷണ സംഘത്തിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. കൊണ്ടോട്ടി, പള്ളിക്കൽ ബസാർ ഭാഗത്ത് വാഹനം ഉണ്ടെന്ന രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലിസ് കസ്റ്റഡിയിൽ ആയത്.
പിടികൂടിയ കുട്ടികളെ പോലീസ് ജുവനൈൽ കോടതി മുൻപാകെ ഹാജരാക്കി. പ്രതി മുഹമ്മദ് ഷഹീമിനെ കോടതി മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു. ഫറോക്ക് ക്രൈം സ്ക്വാഡ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ അരുൺ കുമാർ, സീനിയർ സി.പി.ഒ. മാരായ മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, സി.പി.ഒ.മാരായ സനീഷ് പന്തീരാങ്കാവ് അഖിൽ ബാബു ബേപ്പൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ രവിന്ദ്രൻ, ധനീഷ് , ഷനോജ് പ്രകാശ് എസ്.സി.പി.ഒ. അനീഷ് സദാശിവൻ
എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *