പ്രഭാത വാർത്താമുദ്ര
2025 ഫെബ്രുവരി 04 ചൊവ്വ
1200 മകരം 22 അശ്വതി
1446 ശഹബാൻ 04
◾ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഈ മാസം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ഡിസിയില്‍ ഫെബ്രുവരി 13-ന് ആണ് കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ഈ മാസം 12,13 തീയതികളിലാണ് മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം ഫെബ്രുവരി 12-ന് വൈകുന്നേരമാണ് മോദി അമേരിക്കയിലെത്തുക. രണ്ട് ദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ്ഹൗസ് സന്ദര്‍ശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്. മോദിക്ക് വൈറ്റ് ഹൗസില്‍ അത്താഴവിരുന്നൊരുക്കുമെന്നും സൂചനയുണ്ട്. അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി തീരുവയിലും അനധികൃത കുടിയേറ്റ വിഷയത്തിലും പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്.
◾ യു.പി.എ.യ്ക്കോ എന്‍.ഡി.എ.യ്ക്കോ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ആശയം നല്ലതായിരുന്നെങ്കിലും ഇത് നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. അതിവേഗം വളര്‍ന്നിട്ടും തൊഴിലില്ലായ്മ പരിഹരിക്കാനായില്ല എന്നത് നമ്മള്‍ നേരിടുന്ന സാര്‍വത്രികമായ പ്രശ്നമാണെന്നും രാജ്യത്തെ ഉത്പാദനമേഖലയുടെ വിഹിതം 2014-ലെ 15.3 ശതമാനത്തില്‍നിന്ന് ഇന്ന് 12.6 ശതമാനത്തിലെത്തിയെന്നും 60 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും രാഹുല്‍ പറഞ്ഞു.
◾ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നതില്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഒരു സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് നിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോട് എന്തുമാകാമെന്ന നിലപാടാണ് കേന്ദ്രത്തിനെന്നും എയിംസ് ഇതുവരെ കേരളത്തിന് നല്‍കിയില്ലെന്നും വിഴിഞ്ഞം തുറമുഖത്തിന് ഒരു സഹായവും നല്‍കിയില്ലെന്നും വയനാടിന്റെ കാര്യത്തിലും യാതൊരു പ്രഖ്യാപനവും നടത്തിയില്ലെന്നും വന്യജീവി സംഘര്‍ഷം ഇല്ലാതാക്കാനുള്ള സഹായം ചോദിച്ചിട്ടും കേട്ട ഭാവമില്ലെന്നും സംസ്ഥാനത്തിന്റെ ഭാഗമാകേണ്ടവര്‍ വികടന്യായങ്ങള്‍ പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ സഹായം നല്‍കാമെന്ന പ്രതികരണത്തില്‍ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. കൂടുതല്‍ സഹായത്തിനായി കേരളത്തോട് ധനകാര്യ കമ്മീഷനെ സമീപിക്കാനാണ് പറഞ്ഞതെന്നും അതിന് ശേഷമേ സര്‍ക്കാരിന് തീരുമാനമെടുക്കാനാകുവെന്നുമാണ് ഉദ്ദേശിച്ചതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
◾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഒരു പാര്‍ട്ടി നേതാവുമല്ല, ജനങ്ങളാണ് അനിവാര്യമായിട്ടുള്ളതെന്നും ശരിയല്ലാത്ത ഒരു നിലപാടിനെയും പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐ.യുടെയും തടങ്കലിലാണെന്നും അദ്ദേഹം സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
◾ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍നിന്ന് ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റും വടകര ഏരിയ സെക്രട്ടറിയും ആയിരുന്നു പി.കെ. ദിവാകരനെ ഒഴിവാക്കിയതിനെതിരെ വടകരയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. മണിയൂര്‍ തുറശ്ശേരി മുക്കില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ നാല്‍പതോളം പേര്‍ പ്രതിഷേധ പ്രകടനം നടത്തി.
◾ ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ഗതാഗത കമ്മീഷണര്‍. ചെക്ക് പോസ്റ്റുകളില്‍ നിന്നും ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഉത്തരവിട്ടു. ചെക്ക് പോസ്റ്റുകളില്‍ ഇപ്പോള്‍ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യമില്ലെന്നും ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും, ഒരു എഎംവിയും, ഓരോ ഓഫീസ് അറ്റന്‍ഡും മതിയെന്നുമാണ് ഉത്തരവിട്ടത്.
◾ വിഷുവിനോട് അനുബന്ധിച്ച് ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്താനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കോടതി അനുമതി കിട്ടിയാല്‍ അയ്യപ്പ ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്വര്‍ണ്ണ ലോക്കറ്റുകളും വിഷുവിന് പുറത്തിറക്കും.അന്‍പതിലധികം രാജ്യത്തില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾ ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 86 കോടി രൂപയുടെ വരുമാന വര്‍ദ്ധനവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഈ സീസണില്‍ 55 ലക്ഷം തീര്‍ഥാടകരാണ് ദര്‍ശനത്തിന് എത്തിയതെന്നും കഴിഞ്ഞ തവണത്തേക്കാള്‍ ലക്ഷത്തിലധികം ഭക്തജനങ്ങളാണ് ഇത്തവണ ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 440 കോടി രൂപ വരവ് ലഭിച്ചുവെന്നും അരവണ വില്‍പ്പനയില്‍ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തില്‍ 126 കോടി രൂപയും ലഭിച്ചുവെന്നും 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
◾ സംസ്ഥാനത്ത് ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
◾ കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഫ്ലാറ്റുകള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാര്‍ തന്നെ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
◾ കൊച്ചിയിലെ മാലിന്യം തള്ളുന്ന ബ്രഹ്‌മപുരത്ത് ഇപ്പോള്‍ വേണമെങ്കില്‍ ക്രിക്കറ്റ് കളിയ്ക്കാമെന്ന് മന്ത്രി എംബി രാജേഷ്. ബ്രഹ്‌മപുരത്ത് മേയര്‍ എം. അനില്‍ കുമാറിനും പി.വി. ശ്രീനിജന്‍ എംഎല്‍എയ്ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുള്ള പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൊച്ചി നഗരസഭയും സംസ്ഥാന സര്‍ക്കാറും ഏറെ പഴികേട്ട സംഭവമായിരുന്നു ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.
◾ സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗിലെ ദ്വയാര്‍ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ കെ. അരുണ്‍ കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ് അഹമ്മദ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. ഇതേ കോടതി പ്രതികള്‍ക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
◾ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ലോക കാന്‍സര്‍ ദിനമായ ഇന്ന് (ഫെബ്രുവരി 4) വൈകുന്നേരം 4 മണിക്ക് ടാഗോര്‍ തീയറ്ററ്റില്‍ വച്ച് മുഖ്യമന്ത്രി നിര്‍വഹിക്കും.
◾ അടയ്ക്ക പറിക്കുന്നതിനായി കവുങ്ങില്‍ കയറുന്നതിനിടെ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തലകീഴായി തൂങ്ങിപ്പോയ വയോധികന് രക്ഷകരായി അഗ്നിരക്ഷാ സേന. പേരാമ്പ്ര മുതുവണ്ണാച്ച തൊട്ടാര്‍മയങ്ങിയില്‍ അമ്മത് ഹാജി(60)യാണ് അപകടത്തില്‍പ്പെട്ടത്. ചങ്ങരോത്ത് തെക്കേടത്ത് കടവിന് സമീപം പുറവൂരിലെ തോട്ടത്തില്‍ നിന്ന് അടയ്ക്ക പറിക്കുന്നതിനിടയിലാണ് സംഭവം.
◾ ഏറ്റുമാനൂരില്‍ കൊല്ലപ്പെട്ട പോലീസുകാരന് ക്രൂരമായ മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിലേറ്റ പരിക്കാണ് മരണകാരണമായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനമേറ്റ് പോലീസുകാരന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞു. നെഞ്ചില്‍ ഗുരുതരമായി പരിക്കേറ്റു. ശ്വാസകോശത്തില്‍ ക്ഷതവും ആന്തരിക രക്തസ്രാവവും സംഭവിച്ചതായും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ മാഞ്ഞൂര്‍ ചിറയില്‍വീട്ടില്‍ ശ്യാംപ്രസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിബിന്‍ ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
◾ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശത്തിനെതിരേ നടന്‍ വിനായകന്‍. അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാന്‍ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണമെന്ന് വിനായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഈ അധമ കുലജാതന്‍ അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകുമെന്നും കുറിപ്പിലുണ്ട്.
◾ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ താമസ സമുച്ചയത്തിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് ചാടിമരിച്ച സംഭവത്തില്‍ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയടക്കം ചോദ്യംചെയ്തതിന് ശേഷമാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഈ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.
◾ നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള്‍ മലപ്പുറത്ത് 18കാരി ജീവനൊടുക്കി. 19കാരനായ ആണ്‍സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ആമയൂര്‍ സ്വദേശിയായ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. അതേസമയം പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
◾ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പിയെ നേരിടുന്നതിന് സി പി എമ്മിന് ആശയപരമായും രാഷ്ട്രീയമായും ബലഹീനതയുണ്ടായെന്ന് കരട് രാഷ്ട്രീയ പ്രമേയം. പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കരട് രാഷ്ട്രീയ പ്രമേയത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 75 വയസ്സ് പ്രായപരിധി തുടരുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ആര്‍ക്കെങ്കിലും ഇളവ് നല്‍കണോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് വ്യക്തമാക്കി.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിക്കാനായി മൂന്ന് നാല് തവണ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്നലെ ലോക്‌സഭയിലാണ് രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയത്. ഇന്ത്യയുടെ നില മെച്ചപ്പെട്ടിരുന്നെങ്കില്‍ യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നേരിട്ട് ക്ഷണം ലഭിക്കുമായിരുന്നുവെന്നും മൂന്ന് നാല് തവണ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ അയക്കേണ്ടി വരുമായിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കുകയാണെന്നും, തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ രാജ്യത്തിന്റെ അന്തസ് തകര്‍ക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി.
◾ മറിനാ ബീച്ചില്‍ സമാധാന റാലി സംഘടിപ്പിച്ച് തമിഴിനാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഡിഎംകെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സിഎന്‍ അണ്ണാദുരൈയുടെ 56-ാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു റാലി. മറിന ബീച്ചില്‍ സ്ഥിതി ചെയ്യുന്ന അണ്ണാദുരൈയുടെ സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനയും നടത്തി.
◾ റെയില്‍വെയില്‍ വന്‍ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ റെയില്‍ ബജറ്റില്‍ വകയിരുത്തിയതായി പ്രഖ്യാപിച്ച അദ്ദേഹം മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി 50 നമോ ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തിന് റെയില്‍ വികസനത്തിനായി 3042 കോടി രൂപ നീക്കിവെച്ചെന്നും അദ്ദേഹം പറഞ്ഞു.
◾ മഹാകുംഭമേളയിലെ മൂന്നാം അമൃത് സ്നാനത്തിന് വന്‍ ഭക്തജന തിരക്ക്. ബസന്ത് പഞ്ചമി ദിനത്തിലെ അമൃത് സ്നാനത്തിനായി ലക്ഷങ്ങളെത്തി. യോഗി സര്‍ക്കാര്‍ ഹെലികോപ്റ്ററുകളില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തി. മകര സംക്രാന്തിയിലെ ആദ്യത്തെ അമൃത് സ്‌നാന്‍, മൗനി അമാവാസിയിലെ രണ്ടാമത്ത അമൃത് സ്നാന്‍ എന്നീ അവസരങ്ങളിലും യുപി സര്‍ക്കാര്‍ പുഷ്പവൃഷ്ടി നടത്തിയിരുന്നു.
◾ മഹാകുംഭമേളയില്‍ പങ്കെടുക്കാനായി ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് എത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജാവിനെ സ്വീകരിച്ചു. ഭൂട്ടാന്‍ രാജാവ് പ്രയാഗ് രാജ് ഇന്ന് മഹാകുംഭം സന്ദര്‍ശിക്കും. ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്യുകയും പുണ്യസ്ഥലത്ത് ദര്‍ശനവും പൂജയും നടത്തുകയും ചെയ്യും.
◾ അയോധ്യയില്‍ ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് അയോധ്യയിലെ ഒരു കനാലില്‍ വലിച്ചെറിഞ്ഞ നിലയില്‍ ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്. കേസില്‍ ഹരി റാം കോരി, വിജയ് സാഹു, ദിഗ്വിജയ് സിങ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
◾ കുംഭമേളക്കിടെയുണ്ടായ ദുരന്തം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം. കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചര്‍ച്ച അനുവദിക്കാതിരുന്ന സ്പീക്കര്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ച് ജനങ്ങളുടെ നികുതി പണം എംപിമാര്‍ പാഴാക്കരുതെന്ന് പറഞ്ഞു. രാജ്യസഭയില്‍ ചെയര്‍മാന്‍ ജഗധീപ് ധന്‍കറും പ്രതിപക്ഷത്തെ നേരിട്ടു. വഖഫ് നിയമ ഭേദഗതിയിലും പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടിരുന്നു.
◾ ദില്ലി നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് വാശിയേറിയ അന്തരീക്ഷത്തില്‍ തിരശ്ശീല വീണു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുകയാണെന്ന് അരവിന്ദ് കെജരിവാള്‍ പ്രചാരണം അവസാനിപ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു. കെജ്രിവാളിന് ഇപ്പോഴും ഉള്ള നേരിയ മുന്‍തൂക്കം, ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് കിട്ടുന്ന പിന്തുണയിലൂടെ മറികടക്കാം എന്നാണ് ബിജെപിയുടെ പ്രതീക്ഷ.
◾ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ പരാമര്‍ശിച്ച് ‘പാവം സ്ത്രീ’ എന്ന പരാമര്‍ശത്തിലാണ് സോണിയാ ഗാന്ധിക്കെതിരേ പാര്‍ലമെന്റില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. സോണിയയുടെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ സ്ഥാനത്തിനു നേരെയുള്ള അവമതിപ്പാണെന്നും ബിജെപി അംഗങ്ങള്‍ പറഞ്ഞു.
◾ മഹാകുംഭമേളയ്ക്കിടെ തിക്കിലുംതിരക്കിലും മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞതായി നടിയും രാജ്യസഭാ എം.പി.യുമായ ജയ ബച്ചന്‍. മൃതദേഹങ്ങള്‍ വലിച്ചെറിഞ്ഞതിനാല്‍ നദിയിലെ വെള്ളം മലിനമായിരിക്കുകയാണെന്നും സമാജ് വാദി പാര്‍ട്ടി എം.പി.യായ ജയ ബച്ചന്‍ ആരോപിച്ചു. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ജയ ബച്ചന്റെ ആരോപണം.
◾ ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി-20യില്‍ ബാറ്റിങ്ങിനിടെ വിരലിന് പരിക്കേറ്റ സഞ്ജു സാംസണ് ഒരു മാസത്തേക്ക് ഗ്രൗണ്ടിലിറങ്ങാനാകില്ല. താരത്തിന് ഡോക്ടര്‍മാര്‍ ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. താരത്തിന്റെ കൈവിരലിന് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ സഞ്ജുവിന് കളിക്കാനാകില്ല.
◾ ട്വന്റി20 ക്രിക്കറ്റില്‍ സ്ഥിരമായി 250-260 റണ്‍സൊക്കെ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ടീമിനു സാധിക്കണമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20യില്‍ 150 റണ്‍സിന്റെ വമ്പന്‍ വിജയം നേടിയതിനു പിന്നാലെയാണു ഗംഭീര്‍ നിലപാടു വ്യക്തമാക്കിയത്. കളി തോറ്റു പോകുമോയെന്ന ഭയം താരങ്ങള്‍ക്ക് ഉണ്ടാകരുതെന്നും ഗംഭീര്‍ പ്രതികരിച്ചു.