കൊടുവള്ളിയിൽ മൂന്നു ഗ്രാമോളം എം.ഡി.എം.എ.യുമായി യുവാവ് പോലീസ് പിടിയിൽ
കൊടുവള്ളി:
ഏറെ നാളുകളായി അധികൃതരെ വെട്ടിച്ചു ബാംഗ്ലൂരിൽ നിന്നും വൻ തോതിൽ എം.ഡി.എം.എ. കടത്തി കൊണ്ടുവന്നു കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും വിൽപ്പന നടത്തി വന്നിരുന്ന യുവാവ് പിടിയിലായി.
പുത്തൂർ സ്വദേശി പാപ്പി എന്നറിയപ്പെടുന്ന ചെമ്പോപറ്റ തുഫൈലിനെ (32) ആണ് കൊടുവള്ളി പോലീസ് പിടികൂടിയത്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരമുള്ള ഓപ്പറേഷൻ ഡി-ഹണ്ട് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജു ഐ.പി.എസിന്റെ നിർദേശ പ്രകാരം പോലീസും എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്ക് എം.ഡി.എം.എ. വിൽപ്പനയുള്ളതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ കൊടുവള്ളി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കൊടുവള്ളി ഇൻസ്‌പെക്ടർ കെ.പി.അഭിലാഷിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ തുഫൈലിന്റെ പുത്തൂരുള്ള വീട്ടിൽ നടത്തിയ റെയ്ഡിലാണ് റൂമിലെ അലമാരയിൽ സൂക്ഷിച്ച നിലയിൽ മൂന്നു ഗ്രാമോളം എം.ഡി.എം.എ.യും എം.ഡി.എം.എ. വിൽപ്പന നടത്തി ലഭിച്ച മൂന്നു ലക്ഷം രൂപയും എം.ഡി.എം.എ. തൂക്കാനുപയോഗിക്കുന്ന ത്രാസും പോലീസ് കണ്ടെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ടുവന്ന എം.ഡി.എം.എ.യാണ് പിടികൂടിയതെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. തുഫൈലിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇയാളിൽ നിന്നും എം.ഡി.എം.എ. വാങ്ങുന്നയാളുകളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
കൊടുവള്ളി ഇൻസ്‌പെക്ടർ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. എം.കെ. ലിയ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ എ.കെ.രതീഷ്, സിൻജിത്ത് പിലാശ്ശേരി, ഷെഫീഖ് നീലിയാനിക്കൽ, കെ.ജി.അനീഷ് കുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥനായ എം. ഷൈജു, എക്സൈസ് പ്രിവേന്റീവ് ഉദ്യോഗസ്ഥരായ കെ. ഗിരീഷ്, എം. കെ.നിഷാന്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടി നടപടികൾ സ്വീകരിച്ചത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.