മേയര്‍ ആര്യയ്ക്ക് രക്തഹാരം ചാര്‍ത്തി ജീവിതസഖിയാക്കി സച്ചിന്‍ ദേവ് എംഎല്‍എ
തിരുവനന്തപുരം:
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരായി. ഇരുവരും പരസ്പരം രക്തഹാരം അണിഞ്ഞു. രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെ ജി ഹാളില്‍ വെച്ചായിരുന്നു വിവാഹം. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
ആര്യ ആദ്യം രക്തഹാരം സച്ചിന്റെ കഴുത്തിലണിച്ചു. തുടര്‍ന്ന് സച്ചിനും ഹാരം ആര്യയുടെ കഴുത്തിലും അണിഞ്ഞു. തുടര്‍ന്ന് ഇരുവരും ഹസ്തദാനം നടത്തി.
വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് ആഗ്രഹമെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു. മുന്‍പ് മേയര്‍ എം എല്‍ എ വിവാഹത്തിന്റെ ക്ഷണക്കത്ത് സി പി എം പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയത്.
ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുകയെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ?ഗപ്പന്റെ പേരില്‍ പുറത്തിറക്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ലളിതമായി തയ്യാറാക്കിയ കത്തില്‍ രക്ഷകര്‍ത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടിയിലെ ഭാരവാഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തിയത്.
സിപിഎമ്മിന്റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹ വാര്‍ത്തകളില്‍ നേരത്തെ ഇടം പിടിച്ചിരുന്നു. ബാലസംഘം- എസ്എഫ്‌ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ പാര്‍ട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാര്‍ട്ടി നേതാക്കളും വിവാഹം നിശ്ചയിച്ചു. സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രന്‍. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന്‍ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ സിനിമാ താരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സച്ചിന്‍ സഭയിലെത്തുന്നത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്‍ദേവ്. രാജ്യത്തെ പ്രായംകുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍.